കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനം സെപ്‌റ്റംബര്‍ ആദ്യത്തോടെ തുടങ്ങാനാവുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കണ്ണൂര്‍ ജില്ലാ ആശുപതിയില്‍ ഹൃദ്രോഗ ചികിത്സക്കായി പുതുതായി നിര്‍മ്മിച്ച കാത്ത് ലാബിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.താലൂക്ക്, ജനറല്‍, ജില്ലാ ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സര്‍വീസുകളും മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കെ.കെ ശൈലജ ആരോഗ്യ മന്ത്രിയായിരുന്നപ്പോഴാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രഖ്യാപിച്ചത്. മൂന്ന് മാസം മുമ്ബ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഉദ്‌ഘാടനം വൈകിയതിനാല്‍, പ്രത്യേക നിര്‍ദേശ പ്രകാരം പ്രൈമറി ആന്‍ജിയോപ്ലാസ്‌റ്റി ഉള്‍പ്പെടെ 92 പേര്‍ക്ക് ചികിത്സ ലഭ്യമാക്കി. ഡോക്‌ടര്‍മാര്‍ക്ക് ഇതിനായി പ്രത്യേകം പരിശീലനം നല്‍കി. ആര്‍ദ്രം മിഷന്റെ ഭാഗമായി താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. കാത്ത് ലാബ് അഥവാ കത്തീറ്ററസേഷന്‍ ലബോറട്ടറി ഹൃദയ ചികിത്സയ്‌ക്കുള്ള പരിശോധനാമുറിയാണ്. ഹൃദയധമനികളേയും സിരകളുടെയും അറകളേയും ചിത്രങ്ങള്‍ എടുക്കാനുള്ള ഉപകരണങ്ങളും അസ്വാഭാവികത ഉണ്ടെങ്കില്‍ അവ ചികിത്സിക്കാനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്. കിഫ്‌ബിയുടെ എട്ട് കോടിയുടെ സാമ്ബത്തിക സഹായത്തിലാണ് കാത്ത് ലാബ് സജീകരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ നെഫ്രോളജി, കാര്‍ഡിയോളജി എന്നിവയും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. നിലവില്‍ കാര്‍ഡിയോളജി ഒ പിയും ഹൃദയ ചികിത്സാ രംഗത്തെ നൂതന പരിശോധനകളായ എക്കോ ടെസ്‌റ്റ്, ട്രഡ് മില്‍ ടെസ്‌റ്റ് എന്നിവയും ഉണ്ട്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10,64,032 രൂപ ചിലവിലാണ് കാത്ത് ലാബിലേക്കുളള വൈദ്യുതീകരണം പൂര്‍ത്തിയായത്. കണ്ണൂര്‍ ആരോഗ്യ സുരക്ഷാ പദ്ധതി ഫണ്ടില്‍നിന്നും അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഒരു കോടി രൂപയും ചിലവഴിച്ചു.രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി, ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ. പി പി പ്രീത, ഡിഎംഒ ഡോ. നാരായണ നായ്‌ക്, ഡി.പി.എം..എസ്.യു ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനില്‍ കുമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment