ഉപയോക്താക്കളുടെ ഓൺലൈൻ സ്റ്റാറ്റസ് (online status) മറ്റുള്ളവരിൽ നിന്നും മറച്ചു വെയ്ക്കാനുള്ള ഫീച്ചർ വാട്സ്ആപ്പ് (WhatsApp) ഉടൻ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ 'ലാസ്റ്റ് സീൻ' (Last Seen) മറച്ചു വെയ്ക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പിലുണ്ട്. ഇതിനു സമാനമായിരിക്കും പുതിയ ഫീച്ചർ. താമസിയാതെ എല്ലാ ഉപഭോക്താക്കൾക്കും ഇത് ലഭ്യമായിത്തുടങ്ങും എന്നാണ് സൂചന.
WABetaInfo -യിൽ പ്രത്യക്ഷപ്പെട്ട റിപ്പോർട്ട് അനുസരിച്ച്, പുതിയ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. ഇത് ബീറ്റ ടെസ്റ്റുകൾക്കായി പോലും ഇതുവരെ അവതരിപ്പിച്ചിട്ടുമില്ല. നിലവിൽ, വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ 'ലാസ്റ്റ് സീൻ' തങ്ങളുടെ കോൺടാക്‌റ്റ് ലിസ്റ്റിൽ ഉള്ളവർക്കു മാത്രം കാണാനാകുന്ന വിധത്തിലോ കോണ്ടാക്ട് ലിസ്റ്റിലെ ചില ആളുകൾക്കു മാത്രം കാണാനാകുന്ന രീതിയിലോ എല്ലാവരിൽ നിന്നും മറച്ചു വെയ്ക്കുന്ന രീതിയിലോ ക്രമീകരിക്കാം. വാട്സ്ആപ്പ് അവതരിപ്പിക്കാനിരിക്കുന്ന ഓൺലൈൻ സ്റ്റാറ്റസ് സംബന്ധിച്ച ഫീച്ചറും ഇത്തരത്തിലുള്ളതാകും.
സന്ദേശങ്ങൾ അയച്ചതിന് ശേഷം എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറും വാട്ട്‌സ്ആപ്പ് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചർ കുറച്ചു കാലമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നു. എന്നാൽ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറിനെ ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
കൂടാതെ, രണ്ട് ദിവസത്തിനും 12 മണിക്കൂറിനുമകം സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറും കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ ഈ പരിധി ഒരു മണിക്കൂറാണ്.
വാട്സ്ആപ്പ് വീഡിയോ കോളുകളുമായി ബന്ധപ്പെട്ടും പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഗ്രൂപ്പ് കോൾ നടക്കുന്ന സമയത്ത് അഡ്മിന് ഒരാളെ മ്യൂട്ട് ചെയ്യാനോ ഒരാൾക്ക് പ്രത്യേകമായി മെസേജ് അയക്കാനോ സാധിക്കുന്ന ഫീച്ചർ വാട്സ്ആപ്പ് രംഗത്തിറക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ആൻഡ്രോയ്ഡ് (Android), ഐഒഎസ് ഫോണുകളിൽ പുതിയ ഫീച്ചർ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിരുന്നു. ഇതുകൂടാതെ, ഗ്രൂപ്പ് വീഡിയോ കോളിൽ പുതിയൊരു വ്യക്തി ചേരുമ്പോൾ, അതേക്കുറിച്ച് മറ്റെല്ലാവർക്കും നോട്ടിഫിക്കേഷൻ നൽകുന്ന ഫീച്ചറും വാട്സ്ആപ്പ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഗ്രൂപ്പ് വീഡിയോ കോളിൽ പങ്കെടുക്കാനാകുന്നവരുടെ എണ്ണവും വാട്‌സ്ആപ്പ് വർദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ ഫീച്ചർ അനുസരിച്ച് ഗ്രൂപ്പ് വീഡിയോ കോളിൽ 32 അംഗങ്ങളെ വരെ ഉൾക്കൊള്ളിക്കാൻ കഴിയും.
വായിക്കാത്ത ചാറ്റുകൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഫീച്ചറും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. വിൻഡോയുടെ മുകളിൽ വലത് വശത്തുള്ള ഫിൽട്ടർ ബട്ടണിൽ ക്ലിക്ക് ചെയ്താൽ വായിക്കാത്ത ചാറ്റുകൾ ഉപഭോക്താക്കൾക്ക് ഉടനടി കണ്ടെത്താം. വായിക്കാത്ത എല്ലാ സന്ദേശങ്ങളും ഒരുമിച്ച് സ്ക്രീനിൽ കാണാൻ താൽപര്യമില്ലെങ്കിൽ ഫിൽട്ടർ ക്ലിയർ ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാകും.
നിങ്ങൾ സൃഷ്‌ടിച്ച ഗ്രൂപ്പ് വോട്ടെടുപ്പിന്റെ ഫലങ്ങൾ കാണാനുള്ള ഓപ്ഷനാണ് വാട്സ്ആപ്പ് രംഗത്തിറക്കുന്ന മറ്റൊരു ഫീച്ചർ. ഈ ഫീച്ചർ ഐഒഎസ് ബീറ്റ 22.12.0.73 പതിപ്പിൽ ഇപ്പോൾ ലഭ്യമാണ്.
Post a Comment