Join News @ Iritty Whats App Group

അതിഥി തൊഴിലാളികളെ ജോലി ഏൽപ്പിക്കും, പിന്നാലെ അവരുടെ ബാഗും പണവുമായി മുങ്ങും, 'മുതലാളി'യെ കൈയ്യോടെ പൊക്കി പൊലീസ്

തൃശ്ശൂർ: ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളികളെ വിളിച്ചുകൊണ്ടുപോയി ജോലി ഏൽപ്പിക്കുകയും, ജോലി ആരംഭിക്കുന്ന സമയം അവരുടെ ബാഗും സാധനങ്ങളും മോഷ്ടിക്കുന്ന വിരുതൻ ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. കോഴിക്കോട്, പെരുമണ്ണ സ്വദേശി, കമ്മനം മീത്തൽ വീട്ടിൽ പ്രശാന്ത് (39) ആണ് പ്രതി. മാന്യമായി വസ്ത്രം ധരിച്ച്, ഒരു ഓട്ടോറിക്ഷയിൽ കയറി, നഗരത്തിൽ കാത്തുനിൽക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ അടുത്തേക്ക് ഇയാൾ എത്തും. പണി ചെയ്യിക്കാനെന്ന വ്യാജേന തൊഴിലാളികളെ ഓട്ടോറിക്ഷയിൽ കയറ്റി ഇയാൾ വിളിച്ചുകൊണ്ടുപോകും. എന്നിട്ട് ഏതെങ്കിലും സ്ഥലത്ത് കൊണ്ടുചെന്നിറക്കി, അവിടത്തെ പുല്ലും കാടും പിടിച്ചുകിടക്കുന്ന സ്ഥലം വൃത്തിയാക്കുന്ന പണി ഏൽപ്പിച്ചു നൽകും. 

പണി തുടങ്ങുന്നതിനുമുമ്പായി തൊഴിലാളികൾ അവരുടെ വസ്ത്രങ്ങളും ബാഗ് തുടങ്ങിയ സാധനങ്ങൾ സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്ത് വെക്കും. അതിനുശേഷം, അവർ പണി തുടങ്ങുന്നതിനിടയിൽ, അവരോട് മറ്റേതെങ്കിലും സ്ഥലത്ത് വെച്ചിട്ടുള്ള പണി ആയുധങ്ങളോ, സിമന്റ് തുടങ്ങിയ സാധനങ്ങളോ എടുത്തുകൊണ്ടുവരുവാൻ ആവശ്യപ്പെടും. ഇതിനായി അവർ പോകുമ്പോൾ, അവരുടെ ബാഗും സാധനങ്ങളും അടിച്ചുമാറ്റി, മുങ്ങുകയാണ് ഇയാളുടെ മോഷണ രീതി. 

ഇക്കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശികളായ തൊഴിലാളികളെ ശക്തൻ നഗർ പരിസരത്ത് ഇറക്കി, പണി ഏൽപ്പിച്ചു നൽകുകയും, പിന്നീട് സാധനങ്ങൾ എടുത്തുകൊണ്ടുവരുന്നതിന് ആവശ്യപ്പെടുകയും ചെയ്തപ്പോൾ, തൊഴിലാളികളുടെ ബാഗും അതിൽ വെച്ചിരുന്ന ഇരുപതിനായിരം രൂപയും ഇയാൾ മോഷ്ടിച്ചു. ഈ കേസിലാണ് ഇയാളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതരസംസ്ഥാന തൊഴിലാളികളുടെ ബാഗും പണവും നഷ്ടപ്പെട്ട പരാതി ലഭിച്ച ഉടൻ തന്നെ, നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതും, ഇയാൾ ബാഗ് മോഷണം ചെയ്തു കൊണ്ടുപോകുന്നത് കണ്ടെത്തിയതും.  

താമസ സ്ഥലങ്ങളിൽ അടച്ചുറപ്പില്ലാത്തതിനാൽ ഇതര സംസ്ഥാന തൊഴിലാളികൾ സാധാരണയായി അവരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും അവിടെ സൂക്ഷിക്കാതെ, കൈവശം കൊണ്ടു നടക്കുകയാണ് പതിവ്. ഇതുമനസ്സിലാക്കിയാണ് ഇയാൾ ഇത്തരത്തിൽ മോഷണം നടത്തുന്നത്. ടൌൺ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പി ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാൾ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി സമാനമായ എട്ട് കേസുകളിൽ പ്രതിയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group