ചെന്നൈ: കള്ളാക്കുറിച്ചിയില്‍ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കെമിസ്ട്രി, കണക്ക് അധ്യാപകർ സമ്മർദ്ദത്തിലാക്കുന്നുവെന്നാണ് കുറിപ്പിലുള്ളത്.
എല്ലാവരോടും താൻ പഠിക്കാത്ത കുട്ടിയാണെന്ന് പറഞ്ഞു, എല്ലാവരും എന്നെ കളിയാക്കുന്നു. രസതന്ത്രത്തിൽ കുറേ സമവാക്യങ്ങളുണ്ട്, അത് പഠിക്കാൻ കഴിയുന്നില്ല. കണക്ക് മിസ് തന്നെ മാത്രമല്ല പല കുട്ടികളെയും പഠിക്കാത്തതിന് വഴക്ക് പറയാറുണ്ട്. തന്റെ ഫീസ് അമ്മക്ക് മടക്കി നൽകണമെന്നും കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
അതിനിടെ, വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാനുള്ള ഹർജി സുപ്രീംകോടതി തള്ളി. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനിയുടെ അച്ഛനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കള്ളാക്കുറിച്ചിയിലെ സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം 328 ആയി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. 500 പൊലീസ് കമാൻഡോമാരടക്കം 1500 പൊലീസുകാരെയാണ് പ്രദേശത്ത് വിന്ന്യസിച്ചിരിക്കുന്നത്. സംസ്ഥാന ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. കള്ളാക്കുറിച്ചിയിലും പരിസര പ്രദേശങ്ങളിലും ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിസിഐഡിക്ക് കൈമാറിയിട്ടുണ്ട്. സ്കൂൾ പ്രിൻസിപ്പാളിനേയും ആത്മഹത്യാക്കുറിപ്പിൽ പേരുള്ള രണ്ട് അധ്യാപകരേയും അറസ്റ്റ് ചെയ്തിരുന്നു.
Post a Comment