ഇരിട്ടി : ആറളം ഫാമിൽ കൊന്നും കൊലവിളിച്ചും അക്രമാസക്‌തമായ കാട്ടാനകൾ എട്ട് വർഷത്തിനുള്ളിൽ ചവിട്ടിയരച്ചത് 12 ജീവനുകൾ. ആറളം വന്യജീവി സങ്കേതത്തിലുള്ളതിനേക്കാൾ ഏറെ ആനകൾ അധിവസിക്കുന്ന ഇടമായി ഈ വർഷങ്ങൾക്കിടയിൽ ആറളം ഫാം മാറി. കൃത്യമായ കണക്കില്ലെങ്കിലും അറുപതിലേറെ ആനകൾ ഫാമധീന മേഖലയിൽ ഉണ്ടെന്നാണ് ഇവിടുത്തെ തൊഴിലാളികൾ പറയുന്നത്. വർഷം കഴിയുന്തോറും ഇതിന്റെ ആധിക്യവും ആക്രമണവും കൂടിക്കൂടി വരുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇവിടങ്ങളിൽ നിന്നും ആറളം, മുഴക്കുന്ന്, പേരാവൂർ പഞ്ചായത്തുകളിലും കാട്ടാനകൾ എത്തുന്നത് നിത്യ സംഭവമായി മാറി. എന്നാൽ ഇത്തരം ജനവാസമേഖലകളിൽ ആനകൾ കടന്നെത്താതിരിക്കാൻ നാട്ടുകർ തന്നെ തൂക്കുവേലികളും മറ്റും തീർത്ത് പ്രതിരോധം സൃഷ്ടിച്ചു കഴിഞ്ഞു. ഇതുമൂലം കാട്ടാന ശല്യം ഇത്തരം പ്രദേശങ്ങളിൽ ഇപ്പോൾ കുറവാണെന്നും പ്രദേശവാസികൾ പറയുന്നു.
2014 ഏപ്രിൽ 20ന് ബ്ലോക്ക് പതിനൊന്നിലെ ആദിവാസി മാധവിയാണ് ആദ്യം ആനയുടെ കുത്തേറ്റ് മരിക്കുന്നത്. തുടർന്ന് 2015 മാർച്ച് 24ന് ബ്ലോക്ക് ഏഴിലെ ബാലനെയും കാട്ടാന കുത്തി വീഴ്‌ത്തി. ഗുരുതര പരിക്കേറ്റ ബാലൻ ഏപ്രിൽ നാലിന് മരിച്ചു. ഫാമിൽ ഏറ്റവും കൂടുതൽ പേർ കാട്ടാന ആക്രമണത്തിൽ മരിക്കുന്നത് 2017ലാണ്. അഞ്ച് പേരെയാണ് കാട്ടാന ആ വർഷം ആക്രമിച്ച് കൊല്ലുന്നത്. ജനവരി പത്തിന് നരിക്കടവിലെ അഞ്ചാനിക്കൽ ബിജു ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. ഫെബ്രുവരി രണ്ടിന് അമ്പായത്തോട്ടിലെ ഗോപാലൻ പൊയ്യ, മാർച്ച് എട്ടിന് ആറളം ഫാം ബ്ലോക്ക് പത്തിലെ കോട്ടപ്പാറയിൽ നാരായണന്റെ ഭാര്യ അമ്മിണി, ഏപ്രിൽ അഞ്ചിന് ആറളം ഫാം കൈതച്ചക്ക കൃഷിയിടത്തിൽ വച്ച് റജി എന്നിവരും ആനയാക്രമണത്തിൽ കൊല്ലപ്പെട്ടു. 18 ഒക്‌ടോബർ 29ന് ആറളം ഫാമിലെ ആദിവാസി വീട്ടമ്മ ദേവു, ഡിസമ്പർ എട്ടിന് ആദിവാസിയായ കുഷ്‌ണൻ ചപ്പിലി, 2020 ഏപ്രിൽ 26ന് ഫാം തൊഴിലാളിയായ ആറളം പന്നിമൂലയിലെ ബന്നപ്പാലൻ നാരായണൻ എന്നിവരും കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടു. ഒക്‌ടോബർ31ന് ആറളം ഫാമിലെ ആദിവാസി യുവാവ് സതീഷ്(ബബീഷ്) വീട്ടിലേക്കുള്ള യാത്രക്കിടയിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ആറളം ഫാമിലെ കാട്ടാനയക്രമണത്തിന്റെ പതിനൊന്നാമത് ഇരയായിരുന്നു ഈ വർഷം ജനുവരി 31 കൊല്ലപ്പെട്ട ചെത്ത് തൊഴിലാളി കൊളപ്പ പാണലാട്ടെ റിജേഷ് . രാവിലെ ബ്ലോക്ക് ഒന്നിലാണ് കാട്ടാന ഓടിച്ച് റിജേഷിനെ ചവിട്ടിക്കൊന്നത്. റിജേഷ് അടക്കം നാല് തൊഴിലാളികൾ തെങ്ങ് ചെത്തിനായി പോവുന്നതിനിടെയാണ് ആനക്ക് മുന്നിൽ പെട്ടത്. തൊഴിലാളികൾ ചിതറിയോടുന്നതിനിടയിലാണ് റിജേഷിനെ ആന പിന്തുടർന്ന് ചവിട്ടി കൊന്നത്. ഇപ്പോൾ ആറളം ഫാമിലെ കാട്ടാന അക്രമത്തിന്റെ പന്ത്രണ്ടാമത് ഇരയായി ദാമു മാറി.
കാട്ടുപന്നി കുത്തി ഒരാളും മലാൻ കുറുകെ ചാടി മറ്റൊരാളും ഫാം മേഖലയിൽ മരിച്ചിരുന്നു . കൂടാതെ 2021 സെപ്തം 26 ന് പുലർച്ചെ ഏഴിന് പെരിങ്കരിയിൽ ചെങ്ങഴശേരി ജസ്റ്റിൻ കൊല്ലപ്പെട്ടതും നാടിനെ നടുക്കിയ സംഭവമായിരുന്നു. കർണാടകയുടെ മാക്കൂട്ടം വന മേഖലയിൽ നിന്നും എത്തിയ കാട്ടാന 10 കിലോമീറ്ററിലേറെ ജനവാസ മേഖലയിൽ കടന്നെത്തിയാണ് രാവിലെ ബൈക്കിൽ പള്ളിയിലേക്ക് പോവുകയായിരുന്ന ജസ്റ്റിനെ ചവിട്ടിക്കൊന്നത് .
Post a Comment