മുംബൈ: ബോളിവുഡ് താരം രണ്‍ബീര്‍ കപൂറും- ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ തീപിടിത്തം. അപകടത്തിൽ ഒരാൾ മരിച്ചു. മനീഷ് എന്ന 32 കാരനാണ് പൊള്ളലേറ്റ് മരിച്ചത്. ഇയാളെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നില്ലെന്ന് കൂപ്പർ ആശുപത്രിയിലെ ഡോക്ടർ വ്യക്തമാക്കി.
മുംബൈയിലെ അന്ധേരിയിൽ വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ എട്ട് യൂണിറ്റുകൾ എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. രാത്രി 10.30 ഓടെയാണ് തീ പൂർണമായി അണയ്ക്കാനായത്. തീപിടിയ്ക്കാനുള്ള കാരണം വ്യക്തമല്ല. തീ കത്തുന്നതിന്റേയും മറ്റും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
അന്ധേരി സ്പോർട്സ് കോംപ്ലക്സിന് അടുത്തുള്ള ചിത്രകൂട് ഗ്രൗണ്ടിലായിരുന്നു സിനിമയുടെ സെറ്റ്. പാട്ട് ചിത്രീകരിക്കാനാണ് സെറ്റിട്ടത്. അപകടസമയത്ത് താരങ്ങൾ സെറ്റിലുണ്ടായിരുന്നില്ല. അടുത്ത ആഴ്ച മുംബൈ ഷെഡ്യൂൾ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാൽ തീപിടിത്തത്തെ തുടർന്ന് ഷൂട്ടിങ് മാറ്റിവച്ചു.
തീപിടിത്തമുണ്ടായ സെറ്റ് വമ്പൻ ഗാനചിത്രീകരണത്തിനായി തയാറാക്കിയതാണ്. 400ഓളം നർത്തകരെ പങ്കെടുപ്പിച്ച് ഗാനരംഗം ചിത്രീകരിക്കാനായിരുന്നു പദ്ധതി. ശ്രദ്ധ കപൂറിനെ ഉൾപ്പെടുത്തി ചില ഭാഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അസുഖ ബാധിതയായതിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചിരുന്നു. അടുത്ത ദിവസം ഷൂട്ടിങ് പുനരാരംഭിക്കാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. സെറ്റിലെ മൂന്നു ഫ്ളോറുകളും കത്തി നശിച്ചു.
Post a Comment