ഇടുക്കി: കനത്ത മൂടല്‍ മഞ്ഞില്‍ കാട്ടാനയുമായി കൂട്ടിയിടിച്ച യുവാവിനെ ആന തെയിലക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. അപകടത്തില്‍ വലതുകാലടക്കം ഒടിഞ്ഞ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നാറില്‍ നിന്നും ജോലി കഴിഞ്ഞ് സുഹ്യത്തുക്കൊപ്പം ഓട്ടോയിലാണ് സുമിത്ത് കുമാര്‍(18) എസ്‌റ്റേറ്റിലെത്തിയത്. റോഡില്‍ നിര്‍ത്തിയ വാഹനത്തില്‍ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കവെ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.
കനത്ത മൂടല്‍ മഞ്ഞില്‍ എതിരെ എത്തിയ ആനയെ കാണാന്‍ യുവാവിന് കഴിഞ്ഞിരുന്നില്ല. ആനയുമായി കൂട്ടിയിടിച്ചതോടെ യുവാവിനെ തുമ്പികൈ ഉപയോഗിച്ച് തെയിലക്കാട്ടിലേക്ക് ആന എടുത്തെറിഞ്ഞു. കലി പൂണ്ട ആന സമീപത്തെ കാടുകളില്‍ തുമ്പികൈ ഉപയോഗിച്ച് തെരിച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനാകാത്തത് രക്ഷയായി. നാട്ടുകാരെത്തി ബഹളം വെച്ചതോടെയാണ് ആന കാടുകയറിയത്.
ആക്രമണത്തില്‍ സുമിത്തിന്റെ വലതുകാല്‍ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റ സുമിത് മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എസ്‌റ്റേറ്റില്‍ കാട്ടാനയുടെ ശല്യം അതിരൂക്ഷമാണ്. പ്രശ്‌നത്തില്‍ വനപാലകര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്
Post a Comment