കോട്ടയം: ലൈംഗിക പീഡന കേസിൽ ജാമ്യം ലഭിച്ച പി.സി ജോർജ് ഇന്ന് കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കാണും. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയിൽ ഇന്നലെ ഉച്ചക്കാണ് ജോർജിനെ അപ്രതീക്ഷിതമായി തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ രാത്രി പ്രോസിക്യൂഷൻവാദങ്ങൾ തള്ളി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഡോൺ ഫാരിസ് അബൂബക്കർ ആണെന്നും മകളുടെ സ്ഥാപനം വഴി ആണ് ഇടപാടെന്നും ജോർജ് ആരോപിച്ചിരുന്നു. പിണറായി വിജയനെതിരെ നീക്കം കടുപ്പിയ്ക്കാനൊരുങ്ങുകയാണ് പിസി ജോര്‍ജ്. മുഖ്യമന്ത്രിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇഡിയെ സമീപിക്കാനാണ് ജോർജിന്റ നീക്കം. അതേ സമയം ഇന്നലെ അറസ്റ്റിൽ പ്രതികരിക്കാതിരുന്ന യുഡിഎഫ്, ജാമ്യം കിട്ടിയതോടെ സർക്കാരിനെതിരെ രംഗത്തു വന്നേക്കും.
പിണറായി വിജയനാണ് തന്‍റെ അറസ്റ്റിന് പിന്നിലെന്നാണ് പിസി ജോര്‍ജ് ആവര്‍ത്തിച്ച് ആരോപിക്കുന്നത്. ജാമ്യം കിട്ടിയതിന് പിന്നാലെ നടത്തിയ പ്രതികരണവും മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ പുതിയ ആരോപണങ്ങളും ജോർജ് ഉന്നയിച്ചു. നേരത്തെ സിപിഎം വിഭാഗീയതയുടെ കാലത്ത് പിണറായിയുമായി ചേർത്ത് ഉയർന്ന വ്യവസായി ഫാരിസ് അബൂബക്കറിറെ പേര് പരാമര്‍ശിച്ചായിരുന്നു ജോർജിന്‍റെ ആരോപണം. ഇതോടെ വിവാദം കൂടുതൽ മുറുകുകയാണ്.
Post a Comment