ഇടുക്കി : അടിമാലി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരൻ ഒരേ സമയം ജോലി ചെയ്തത് ആറ് തസ്തികകളിൽ. ഇയാൾ ആറ് തസ്തികകളിലേയും ശമ്പളവും വാങ്ങി. ഇപ്പോൾ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അടിമാലി സ്വദേശി അലി വിജിലന്‍സിനെ സമീപിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയിരുന്നു.
2017 മുതൽ 2021 വരെയാണ് ജീവനക്കാരൻ ക്രമവിരുദ്ധമായി ശമ്പളം വാങ്ങിയത്. അടിമാലി പഞ്ചായത്ത് കമ്മിറ്റിയാണ് പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റില്‍ താല്‍ക്കാലിക ജീവനക്കാരനെ നിയമിക്കാന്‍ തീരുമാനിച്ചതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇയാള്‍ക്ക് നല്‍കിയ ചുമതലകളെല്ലാം മുന്‍ ഉദ്യോഗസ്ഥന്‍ നേരിട്ട് നല്‍കിയതാണെന്ന് ഔദ്യോഗിക രേഖകള്‍ വഴി വ്യക്തമാക്കുന്നു. ഇതിനിടെ പഞ്ചായത്തിലെ സുരക്ഷാ കാമറകളുടെ നിയന്ത്രണവും കരാര്‍ ജീവനക്കാരന്റെ ഫോണില്‍ വന്നത് വിവാദമായിരുന്നു.
അതീവ പ്രാധാന്യമുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ മുഴുവന്‍ സിസിടിവി കാമറകളുടെ നിയന്ത്രണവും നിരീക്ഷണവും ഒരു താല്‍ക്കാലിക ജീവനക്കാരന്റെ കൈകളില്‍ എത്തിയതിലും ദുരൂഹതയുണ്ട്. സംഭവം പുറത്തു വന്നതോടെ സിസിടിവി ലോഗിന്‍ വിവരങ്ങള്‍ മാറ്റുകയും പ്രസിഡന്റ് കാബിനില്‍ സിസിടിവി മോണിറ്റര്‍ സ്ഥാപിക്കുകയും ചെയ്തതായി മുന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി ഡി ഷാജി പറഞ്ഞു. നിലവില്‍ താല്‍ക്കാലിക ജീവനക്കാരന് പഞ്ചായത്ത് ഓഫീസിന്റെ രാത്രി സുരക്ഷാ ചുമതല മാത്രമേ നല്‍കിയിട്ടുള്ളുവെന്ന് വൈസ് പ്രസിഡന്റ് കെ എസ് സിയാദ് വ്യക്തമാക്കി.
Post a Comment