ചെന്നൈ: ഒരു ദിവസം നീണ്ട ആശങ്കകൾക്ക് വിരാമമിട്ട് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ തിരിച്ചുകിട്ടുകയും സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശി ഷമീന അറസ്റ്റിലായിരിക്കുകയുമാണ്. പൊള്ളാച്ചി പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. എന്നാൽ ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞതിനെ സാധുകരിക്കാനായിരുന്നു കുട്ടിയെ ഷമീന തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറയുന്നു.
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകലില്‍ ഷമീനയുടെ നുണക്കഥകൾ പൊളിയുകയായിരുന്നു. ഗർഭിണിയായിരുന്നെന്നും ഏപ്രിൽ 22 ന് പ്രസവിച്ചു എന്നും ഷമീന പറഞ്ഞു. കുട്ടി ഐസിയുവിലാണെന്ന് ഭർതൃ വീട്ടുകാരെ വിശ്വസിപ്പിച്ചു. ഭർത്താവ് മണികണ്ഠനും കുട്ടിയെ കണ്ടിരുന്നില്ല. എന്നാൽ ആശവർക്കറുടെ ഇടപെടൽ നിർണായകമയി. കുഞ്ഞിന്‍റെ വിവരം തിരക്കിയപ്പോൾ, പല നുണക്കഥകൾ പറഞ്ഞു. സംശയം തോന്നിയപ്പോൾ പൊലീസിൽ അറിയിച്ചു.
പിടിക്കപ്പെടും എന്നായപ്പോൾ ആണ് ഷമീന കുഞ്ഞിനെ തട്ടിക്കൊണ്ട് വരികയെന്ന സഹസത്തിനു മുതിർന്നത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പോലിസ് ഷമീന, ഭർത്താവ് മണികണ്ഠൻ എന്നിവരെ കൊടുവായൂരില്‍ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .ഇവരെ പൊള്ളാച്ചിയിലേക്ക് കൊണ്ട് പോയി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് രാവിലെ നാല് മണിയോടെ കുട്ടിയെ വീണ്ടെടുത്തതത്.
ഇന്നലെ രാവിലെ അഞ്ച് മണിക്കാണ് രണ്ട് സ്ത്രീകൾ ചേർന്ന് പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ നിന്ന് നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കടത്തിക്കൊണ്ട് പോയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും കുട്ടിയേയും കൊണ്ട് സ്ത്രീകൾ ബസ് സ്റ്റാൻഡിലും റയിൽവേ സ്റ്റേഷനിലും എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. 2 ഡിഎസ്പിമാരുടെ ചുമതലയിൽ 12 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് ഉടനടി അന്വേഷണം തുടങ്ങി.
24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത് 769 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങളായിരുന്നു. പൊള്ളാച്ചി മുതൽ കോയമ്പത്തൂർ വരേയും പിന്നീട് പാലക്കാട്ടേക്കും അന്വേഷണം നീണ്ടു. ഒടുവിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ പൊള്ളാച്ചി, പാലക്കാട് പൊലീസിന്‍റെ സംയുക്ത പരിശോധനയിൽ കൊടുവായൂർ സ്വദേശിനിയുടെ വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. പൊലീസ് സംഘം തിരികെ പൊള്ളാച്ചിയിലെത്തി ജൂലൈ കുമാരൻ നഗർ സ്വദേശി യൂനിസ്,ഭാര്യ ദിവ്യ ഭാരതി എന്നിവർക്ക് കുഞ്ഞിനെ ഏൽപ്പിച്ചു.
Post a Comment