Join News @ Iritty Whats App Group

സ്ഥലം ലഭ്യമായാല്‍ ഇരിക്കൂര്‍, ഇരിട്ടി, ചെറുപുഴ എന്നിവിടങ്ങളില്‍ കെഎസ്‌ആര്‍ടിസി ഓപ്പറേഷന്‍ സെന്ററുകള്‍



സ്ഥലം ലഭ്യമായാല്‍ ഇരിക്കൂര്‍, ഇരിട്ടി, ചെറുപുഴ എന്നിവിടങ്ങളില്‍ കെഎസ്‌ആര്‍ടിസി ഓപ്പറേഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന്‌ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
കണ്ണൂര്‍ ഡിപ്പോ യാര്‍ഡിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

തെക്കന്‍ മേഖലയെ അപേക്ഷിച്ച്‌ വടക്കന്‍ മേഖലയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കുറവാണ്‌. ഗ്രാമവണ്ടി പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഉള്‍പ്രദേശങ്ങളിലും കെഎസ്‌ആര്‍ടിസി സര്‍വീസെത്തും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ്‌ ബസ്‌ സര്‍വീസ്‌ നടത്തുക. 30ന്‌ പാറശാലയില്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുന്ന പദ്ധതിയിലൂടെ ഉള്‍പ്രദേശങ്ങളിലെ യാത്രാക്ലേശത്തിന്‌ പരിഹാരമാകും.

പൊതു-- സ്വകാര്യപങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സ്‌ കം ബസ്‌സ്‌റ്റാന്‍ഡുകളില്‍ കണ്ണൂരിനും പ്രഥമപരിഗണന നല്‍കും. കെഎസ്‌ആര്‍ടിസി പമ്ബുകള്‍ സ്വകാര്യവാഹനങ്ങള്‍ക്കായി തുറന്നു നല്‍കിയതോടെ വരുമാനം വര്‍ധിച്ചു. കെഎസ്‌ആര്‍ടിസിയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്‌ നടപ്പാക്കിയ പദ്ധതികളെല്ലാം വിജയത്തിലാണെന്നും മന്ത്രി പറഞ്ഞു.

രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എയുടെ ആസ്തി വികസനഫണ്ടില്‍നിന്നും അനുവദിച്ച 78 ലക്ഷം രൂപ ഉപയോഗിച്ചാണ്‌ ഡിപ്പോ യാര്‍ഡ്‌ നവീകരിച്ചത്‌. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, കൗണ്‍സിലര്‍ പി കെ അന്‍വര്‍, എന്‍ ഉഷ, ജോജി ആനിത്തോട്ടം, ജോയി കൊന്നക്കാട്ടില്‍, ജോസ്‌ ചെമ്ബേരി, ജോസഫ്‌ ചുക്കാനാണ്ടി, മഹമ്മൂദ്‌ പുറക്കാട്ട്‌, ജി പി പ്രദീപ്‌കുമാര്‍, ഷറഫ്‌ മുഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു. പി സന്തോഷ്‌കുമാര്‍ സ്വാഗതവും പി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group