Join News @ Iritty Whats App Group

ജില്ലയിലെ ബാങ്കിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കാന്‍ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു


കണ്ണൂർ
ജില്ലയിലെ ബാങ്കിടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കാന്‍ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
പേപ്പര്‍ കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യം. സംസ്ഥാന സര്‍ക്കാര്‍ ഇടപാടുകള്‍ ആഗസ്‌ത്‌ 15 ഓടെ സമ്ബൂര്‍ണമായും ഡിജിറ്റലാകുന്നതിന്റെ ഭാഗമായാണിത്‌.

നിലവിലുള്ള സേവിങ്‌സ്, കറന്റ് അക്കൗണ്ട് ഇടപാടുകാര്‍ക്ക് സൗകര്യപ്രദമായ ഏതെങ്കിലും ഡിജിറ്റല്‍ മാധ്യമം വഴി ബാങ്ക് ഇടപാടുകള്‍ വേഗത്തില്‍ സുരക്ഷിതവും സുതാര്യവുമായി നടത്താനാണ് പദ്ധതി. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യുപിഐ, ക്യു ആര്‍ കോഡ്, യു എസ് എസ് ഡി, ആധാര്‍ അധിഷ്ഠിത പെയ്‌മെന്റ്‌ സംവിധാനം മുതലായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ ഓരോ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രാപ്തരാക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ദൈനംദിന സാമ്ബത്തിക ഇടപാടുകള്‍ക്കും ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട കച്ചവടക്കാര്‍, വഴിയോര കച്ചവടക്കാര്‍, കര്‍ഷകര്‍ ദിവസവേതനക്കാര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ പ്രാപ്തരാക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ലീഡ് ബാങ്കിന്റെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ബാങ്ക് ശാഖകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റ് അംഗീകൃത ഏജന്‍സികളുടെയും മേല്‍നോട്ടത്തിലായിരിക്കും പരിപാടികള്‍.

പദ്ധതിയുടെ ലോഗോ കണ്ണൂര്‍ കനറാ ബാങ്ക് ഹാളില്‍ നടന്ന സാമ്ബത്തിക അവലോകന യോഗത്തില്‍ കെ സുധാകരന്‍ എംപി പ്രകാശിപ്പിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) എ രാധ അധ്യക്ഷയായി. റിസര്‍വ് ബാങ്ക് മാനേജര്‍ പി അശോക് പദ്ധതി വിശദീകരണം നടത്തി. കനറാ ബാങ്കിന്റെ ജില്ലാ മേധാവി എ യു രാജേഷ്, ജില്ലാ ലീഡ് ബാങ്ക് ഡിവിഷണല്‍ മാനേജര്‍ ടി എം രാജ്കുമാര്‍, നബാര്‍ഡ് ഡിഡിഎം ജിഷിമോന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group