Join News @ Iritty Whats App Group

വൈദ്യുതി ചാര്‍ജ് വര്‍ദ്ധന; ജനങ്ങള്‍ക്ക് മേല്‍ അധികഭാരം കെട്ടിവെയ്ക്കുന്നുവെന്ന് പ്രതിപക്ഷം, സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി


വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയിലൂടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ അധികഭാരം കെട്ടിവെയ്ക്കുകയാണെന്ന് പ്രതിപക്ഷം. നിരക്ക് വര്‍ദ്ധന ജനജീവിതം പ്രതിസന്ധിയിലാക്കിയെന്നും ഇക്കാര്യം സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സാധാരണക്കാരെ സര്‍ക്കാര്‍ കാണുന്നില്ലെന്നും ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ആര് പരിഹരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

18 ശതമാനം വര്‍ദ്ധനവാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷംകെഎസ്ഇബി ലാഭത്തിലാണെന്ന് ഭരണപക്ഷം പറയുന്നു. എങ്കില്‍ പിന്നെ എന്തിനാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. സര്‍ക്കാരിന് യുക്തി ഇല്ല .ലാഭ വിഹിതം ഉപഭോക്താക്കള്‍ക്ക് കൊടുക്കേണ്ടതാണ്.യൂണിറ്റ് ന് 40 പൈസയെങ്കിലും കുറയ്ക്കാന്‍ കഴിയുമായിരുന്നു. നിരക്ക് വര്‍ദ്ധന മൂലം സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയത് വലിയ പ്രഹരമാണ്. ബി. അശോകിനെ മാറ്റിയത് യൂണിയന്റെ കൊള്ളയ്ക്ക് വഴങ്ങാത്തത് കൊണ്ടാണ് ബി അശോകിനെ ചയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. 2771 കോടി പിരിഞ്ഞ് കിട്ടാനുണ്ടെന്നും ആ ഭാരം കൂടി ജനങ്ങളുടെ തലയില്‍ കെട്ടി വെക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം നിരക്ക് വര്‍ദ്ധന സാധാരണക്കാരെ ബാധിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി മറുപടി നല്‍കി.

താരിഫ് വര്‍ധന നിശ്ചയിക്കുന്നത് സര്‍ക്കാരല്ല, റെഗുലേറ്ററി കമ്മീഷനാണ്. കെ.എസ്.ഇ ബി നഷ്ടത്തില്‍ തന്നെയാണ്. പ്രവര്‍ത്തന ലാഭം മാത്രമാണ് ഉണ്ടായത്. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്കും ചാര്‍ജ് വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തപ്രമേയത്തിന് അനുമതി നിഷേധിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group