കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നാണ് ആര്‍എസ്എസ് ആരോപിച്ചു. ഇന്ദിരഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ജിംനേഷ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു
പാനുണ്ടയില്‍ ബാലസംഘം വില്ലേജ് സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതു സംബന്ധിച്ച തര്‍ക്കം ഇന്നലെ സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ സഹോദരനൊപ്പം കൂട്ടിരുപ്പുകാരനായാണ് ജിംനേഷ് ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിയത്. ഇതിനിടയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ കുഴഞ്ഞ വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നതിനിടയില്‍ മൂന്നരയോടെ മരണം സംഭവിച്ചു.
എന്നാല്‍ മരണം സിപിഐഎം മര്‍ദനത്തെ തുടര്‍ന്നാണെന്നാണ് ആര്‍എസ്എസ് ആരോപണം. പാനുണ്ടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ജിംനേഷിന് പരിക്കേറ്റെന്നും ആന്തരികക്ഷതമേറ്റതാണ് മരണത്തിലേക്കെത്തിച്ചതെന്നുമാണ് ആര്‍എസ്എസ് പറയുന്നത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകരായ എ.ആദര്‍ശ്, പി.വി.ജിഷ്ണു, ടി.അക്ഷയ്, കെ.പി.ആദര്‍ശ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് സന്ദര്‍ശിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന മേഖലയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.
Post a Comment