Join News @ Iritty Whats App Group

ചുമയുടെ മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷൻ നൽകിയെന്ന് പരാതി, കുട്ടി ആശുപത്രിയിൽ; നിഷേധിച്ച് അധികൃതർ

കൊല്ലം: കൊല്ലം കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒൻപതാം ക്ലാസുകാരന് ചുമയ്ക്കുള്ള മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷൻ നൽകിയെന്ന് പരാതി. ശാരീരിക അസ്വസ്ഥത ഉണ്ടായ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. ഇന്നലെ രാവിലെയാണ് കുറ്ററ സ്വദേശിയായ ആശിഖ് പിതാവ് അനിൽകുമാറിനൊപ്പം കുളക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പനിക്ക് ചികിത്സ തേടിയത്.

പുറത്തു നിന്നും കൊണ്ടുവന്ന കുപ്പിയിൽ ചുമയുടെ മരുന്നു വാങ്ങി. വീട്ടിലെത്തി മരുന്ന് കഴിച്ചപ്പോൾ കുട്ടിക്ക് ശാരീരിക അസ്വസ്ഥയുണ്ടായെന്നാണ് കുടുംബം പറയുന്നത്. ഉടൻ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ചുമയുടെ മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷൻ നൽകിയെന്നാണ് ആഷിഖിന്റെ കുടുംബം ആരോപിക്കുന്നത്. എന്നാൽ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. മരുന്ന് മാറി നൽകാൻ യാതൊരു സാധ്യതയുമില്ലെന്നും ഇവര്‍ പറയുന്നു.

സംഭവത്തിൽ ഡിഎംഒയ്ക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വീഴ്ച്ചയുണ്ടായെന്നാരോപിച്ച് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധ മാര്‍ച്ച് നടത്തി.

Post a Comment

Previous Post Next Post
Join Our Whats App Group