കൊച്ചി: വിവാഹിതയല്ലാത്ത അമ്മയുടെ മകനും രാജ്യത്തിന്റെ പൗരനാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ അവര്‍ക്ക് നിഷേധിക്കാനാകില്ലെന്നും കേരള ഹൈക്കോടതി. അച്ഛനാരെന്നറിയാത്ത യുവാവിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേരൊഴിവാക്കി അമ്മയുടെ മാത്രം ചേര്‍ത്ത് പുതിയത് നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേരൊഴിവാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. എല്ലാ സര്‍ട്ടിഫിക്കറ്റിലും ഈ മാറ്റം വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് അജ്ഞാതനില്‍നിന്ന് ഗര്‍ഭിണിയായി പ്രസവിച്ച അമ്മയും മകനുമായിരുന്നു ഹര്‍ജിക്കാര്‍. അവര്‍ അവിവാഹിതയായ അമ്മയുടെ മാത്രം മക്കളല്ല ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെകൂടി സന്തതികളാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
സര്‍ട്ടിഫിക്കറ്റുകളില്‍നിന്ന് അച്ഛന്റെ പേര് ഒഴിവാക്കിനല്‍കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് യുവാവും അമ്മയും സംയുക്തമായി നല്‍കിയ ഹര്‍ജിയാണ് അനുവദിച്ചത്. മഹാഭാരതകഥയിലെ 'കര്‍ണന്റെ' ദുരിതപര്‍വം വിവരിക്കുന്ന കഥകളിപ്പദങ്ങളും വിധിന്യായത്തിലുണ്ട്. പുതിയകാലത്തെ കര്‍ണന്മാര്‍ക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള എല്ലാ സംരക്ഷണവും ഭരണഘടനയും ഭരണഘടനാകോടതികളും ഉറപ്പാക്കും.
ജനനസര്‍ട്ടിഫിക്കറ്റില്‍നിന്ന് അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് മാത്രം ഉള്‍പ്പെടുത്തി നല്‍കണമെന്നായിരുന്നു ആവശ്യം. ജനനസര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി ബുക്ക്, പാസ്പോര്‍ട്ട് എന്നിവയില്‍ പിതാവിന്റെ പേര് മൂന്നുതരത്തിലായിരുന്നു. സര്‍ട്ടിഫിക്കറ്റുകളില്‍നിന്ന് പിതാവിന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ നിരസിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹിതരല്ലാത്ത അമ്മമാരുടെയും ബലാത്സംഗത്തിനിരയായ അമ്മമാരുടെയും മക്കള്‍ക്കും അഭിമാനത്തോടെ ജീവിക്കാന്‍ കഴിയണമെന്നും കോടതി പറഞ്ഞു.
Post a Comment