Join News @ Iritty Whats App Group

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പണംതട്ടിയ സംഭവത്തില്‍ ഇരിട്ടി, മുഴക്കുന്ന് സ്വദേശികളുടെ പരാതിയിൽ രണ്ട് കേസുകള്‍ കൂടി


കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പണംതട്ടിയ സംഭവത്തില്‍ അറസ്റ്റിലായ ഇരിട്ടി സ്വദേശിനി ബിന്‍ഷ ഐസക്കിനെതിരെ (28) രണ്ട് കേസുകള്‍ കൂടി.
ഇരിട്ടി, മുഴക്കുന്ന് സ്വദേശികളുടെ പരാതിയിലാണ് കേസുകള്‍. ഇരിട്ടി സ്വദേശിയില്‍ നിന്നും 22,000 രൂപയും മുഴക്കുന്ന് സ്വദേശിയില്‍ നിന്നും 20,000 രൂപയും റെയില്‍വേ ടിക്കറ്റ് എക്സാമിനറായി ചമഞ്ഞ ബിനിഷ തട്ടിയെടുത്തുവെന്നാണ് പരാതി. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് യുവതിക്കെതിരെ കേസെടുത്തത്.
അഞ്ച് പരാതികള്‍ നേരത്തെ ബിന്‍ഷയ്‌ക്കെതിരെ ടൗണ്‍ പൊലീസിന് ലഭിച്ചിരുന്നു. ഇവര്‍ അറസ്റ്റിലായതിനു ശേഷം നിരവധി പരാതികള്‍ ഫോണ്‍ വഴി ലഭിച്ചതായി പൊലീസ് അറിയിച്ചു. ഒരു ലക്ഷം രൂപ വരെ ഇവര്‍ ജോലി വാഗ്ദാനം ചെയ്തുവാങ്ങിയിരുന്നു. അപേക്ഷ നല്‍കുന്നതിന് 15000, പരീക്ഷാഫീസായി 10000, യൂണിഫോമിനായി 5000, ജോലി ചേര്‍ന്നാല്‍ ഭക്ഷണത്തിനും താമസസൗകര്യത്തിനുമായി 15000 എന്നിങ്ങനെ പറഞ്ഞാണ് ഇവര്‍ പണം വാങ്ങിയിരുന്നത്.

റെയില്‍വേയില്‍ ടിക്കറ്റ് എക്സാമിനറാണെന്നും റെയില്‍വേയുടെ ഫ്ളാറ്റിലാണ് താമസിക്കുന്നതെന്നും ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിച്ചിരുന്നു.

ബാസ്‌കറ്റ് ബാള്‍ താരമായ ബിന്‍ഷയ്ക്ക് നേരത്തെ റെയില്‍വേയില്‍ താല്‍ക്കാലിക ജോലി ലഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് കാലത്ത് അതു നഷ്ടപ്പെട്ടു. റെയില്‍വേയില്‍ സ്ഥിരം ജോലിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സമ്ബന്ന കുടുംബത്തിലെ യുവാവിനെ വിവാഹം കഴിച്ച ബിന്‍ഷ ജോലി നഷ്ടപ്പെട്ട കാര്യം ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മറച്ചുവച്ചതായും പൊലീസ് പറയുന്നു. ജോലിക്ക് പോകാനുള്ള സൗകര്യത്തിനെന്ന് പറഞ്ഞ് ഇവര്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കണ്ണൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭര്‍ത്താവ് ദിവസേന ഇവരെ കാറില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിടാറുമുണ്ടായിരുന്നു. മറ്റൊരു സ്ത്രീയുമായി ചേര്‍ന്നാണ് ഇവരുടെ തൊഴില്‍ തട്ടിപ്പെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിന്‍ഷയെ അറസ്റ്രുചെയ്തത്.

Post a Comment

Previous Post Next Post
Join Our Whats App Group