ശ്രീലങ്കയിലെ പ്രക്ഷോഭത്തിനിടെ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടു. രജപക്‌സെ നിലവില്‍ മാലിദ്വീപില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. മാലിയില്‍ വെലാന വിമാനത്താവളത്തിലെത്തിയ രജപക്‌സെയെ മാലിദ്വീപ് സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിച്ചു.
അസോസിയേറ്റഡ് പ്രസാണ് പ്രസിഡന്റ് രാജ്യം വിട്ടെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രാജി നല്‍കും മുന്‍പേയാണ് രജപക്‌സെയുടെ നാടുവിടല്‍. അതേസമയം പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകര്‍ കയ്യടക്കിവച്ചിരിക്കുകയാണ്.
ജനകീയ പ്രക്ഷോഭം രൂക്ഷമായതോടെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി വെച്ചിരുന്നു. പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതി കയ്യേറി സര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭം കനത്തതോടെയാണ് റനില്‍ വിക്രമസിംഗെ പദവി ഒഴിഞ്ഞത്. ട്വിറ്റര്‍ വഴിയായിരുന്നു റനില്‍ വിക്രമസിംഗെയുടെ രാജി പ്രഖ്യാപനം. സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനുമാണ് രാജിയെന്ന് റനില്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ രാത്രി വൈകിയും പ്രക്ഷോഭം തുടര്‍ന്നതിനാല്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജിസന്നദ്ധത അറിയിച്ചതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
Post a Comment