ഇടുക്കി: പത്തുവയസുകാരിയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണങ്ങൾ കവർന്നു. ഇടുക്കി കട്ടപ്പന മേരികുളത്താണ് സംഭവം. അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂൾ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നിതനിടെയാണ് സംഭവം. പിന്നാലെയെത്തി ആരോ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു. കുട്ടിയുടെ സ്വർണക്കമ്മലും വെള്ളിക്കൊലുസുമാണ് കവർന്നത്.
ചൊവ്വാഴ്ച വൈകിട്ട് നാലേമുക്കാലോടെയാണു സംഭവം. പെൺകുട്ടി ചപ്പാത്തിനു സമീപം സ്കൂൾ ബസിൽ വന്നിറങ്ങിയശേഷം അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടിലേക്കു നടന്നു പോകുകയായിരുന്നു. ഈ സമയത്താണ് കുട്ടിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീടിന് 300 മീറ്റർ അകലെയായിരുന്നു ആക്രമണം.
കുട്ടിയെ കാണാതെ വന്നതോടെ പിതൃമാതാവ് അന്വേഷിച്ച് എത്തിയപ്പോൾ റോഡിൽ ചെരിപ്പും സ്കൂൾ ബാഗും കണ്ടു. തുടർന്നാണ് തേയിലച്ചെടികൾക്കിടയിൽ ബോധരഹിതയായി കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടൻതന്നെ നാട്ടുകാരെ വിവരം അറിയിച്ച് കുട്ടിയെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
Post a Comment