കണ്ണൂർ: തളിപ്പറമ്പിൽ മുഖം മൂടിസംഘം കാർ അടിച്ച് തകർത്തു. തളിപ്പറമ്പിലെ മര വ്യവസായി ദിൽഷാദ് പാലക്കോടന്‍റെ ഇന്നോവ കാറിന് നേരെയാണ് ഇന്നലെ രാത്രി ഒൻപതരയോടെ ആക്രമം നടന്നത്. അക്രമത്തിൽ പരിക്കേറ്റ ദിൽഷാദിനെയും തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി പ്രവർത്തകനും സിപിഎം ഞാറ്റുവായൽ ബ്രാഞ്ച് അംഗവുമായ കുറിയാലി സിദ്ദീഖിനെയും തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കപ്പാലത്തിന് സമീപം വെച്ചായിരുന്നു ആക്രമണം. ജുമാഅത്ത് കമ്മിറ്റിയുടെ വഫഖ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഏതാനും ദിവസങ്ങളായി വിവാദങ്ങൾ നടന്നുവരികയാണ് . ഇതിൻറെ തുടർച്ചയാണ് അക്രമം എന്ന് സമിതി ഭാരവാഹികൾ ആരോപിച്ചു.
ഈ സംഭവത്തിന് പിന്നാലെ കണ്ണൂർ കുറ്റിക്കോലിൽ ലീഗ് ഓഫീസിന് നേരെ അക്രമം ഉണ്ടായി. ഓഫീസിന് അക്രമികൾ തീയിട്ടു. സി എച്ച് മന്ദിരം കത്തി നശിച്ചു. രാത്രി ഒരു മണിയോടെയാണ് സംഭവം. ഓഫീസിന് അകത്തെ ടി വി തകർത്തിട്ടുണ്ട്. സംഭത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സാമൂഹ്യവിരുദ്ധരാണ് അക്രമണത്തിന് പിന്നിൽ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ കുറച്ച് നാളുകളായി തളിപ്പറമ്പ് ജുമാഅത്ത് പള്ളി കമ്മറ്റിയില്‍ വഖഫ് ബോര്‍ഡ് നടത്തിയ അന്വേഷണങ്ങളേയും ഓഡിറ്റ് റിപ്പോര്‍ട്ടിനേയും കുറിച്ച് മുസ്ലിംലീഗും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയും തമ്മില്‍ രൂക്ഷമായ വാക്കുതർക്കം ഉണ്ടായിരുന്നു.
വിവിധ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലും പരിധിവിട്ട ചര്‍ച്ചകളും പോര്‍വിളികളും തുടര്‍ന്നുവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മുഖംമൂടി സംഘം കാർ ആക്രമിച്ചതും തുടർച്ചയായി ലീഗ് ഓഫീസ് തീയിട്ട സംഭവവും ഉണ്ടായത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment