വൈക്കം: ഒതളങ്ങ കഴിച്ചു മരിച്ച വിദ്യാർഥിനിയുടെ സംസ്കാരം ഇന്നു നടക്കും. വൈക്കം മറവൻതുരുത്ത് കൊടുപ്പാടം ചാലുതറയിൽ പരേതനായ വിനോദിന്റെ മകൾ അനുശ്രീ (16) യാണ് മരിച്ചത്.
മാതാവ് വഴക്കു പറഞ്ഞതിനെ തുടർന്ന് അനുശ്രീ ചൊവാഴ്ച വൈകുന്നേരം ആറോടെ ഒതളങ്ങ കഴിക്കുകയായിരുന്നു.
രാത്രിയായപ്പോൾ വയറു വേദന കലശലായതോടെ ബന്ധുക്കൾ വൈക്കം താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയറു വേദനയ്ക്ക് ശമനമുണ്ടാകാതെ വന്നതിനെത്തുടർന്ന് രാത്രി 12ഓടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി ഒതളങ്ങ കഴിച്ച കാര്യം പറയുന്നത്. ഡോക്ടർമാർ ഉടൻ തീവ്ര പരിചരണം നൽകിയെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു.
പൂത്തോട്ടയിലെ സ്കൂളിൽനിന്ന് പത്താംക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ അനുശ്രീ പ്ലസ് വണ്‍ പ്രവേശനത്തിനായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. തടിപ്പണിക്കാരനായിരുന്ന പിതാവ് വിനോദ് അഞ്ച് വർഷം മുന്‍പ് ഹൃദയാഘാതത്താൽ മരണപ്പെട്ടു.
മാതാവ് സ്മിത കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. സഹോദരൻ: അർജുൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും.
Post a Comment