എറണാകുളം കലൂരില്‍ കഴിഞ്ഞ ദിവസം നഗരമധ്യത്തില്‍ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കിയതിന് കാരണം സൗഹൃദം തകര്‍ന്നതിലുള്ള മനോവിഷമം ആണെന്ന് പൊലീസ്. ഇതാണ് സുഹൃത്തിനെ ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടാകുന്ന തരത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
തോപ്പുംപടി സ്വദേശി ക്രിസ്റ്റഫര്‍ ഡിക്രൂസാണ് ആത്മഹത്യ ചെയ്തത്. മരിക്കുന്നതിന് മുമ്പ ഇയാളും സുഹൃത്തായ സച്ചിനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സച്ചിനെ ആക്രമിക്കുകയും ശേഷം കഴുത്തറുത്ത് ജീവനൊടുക്കുകയുമായിരുന്നു. പൊലീസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സച്ചിന്റെ മൊഴിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിഗമനം.
സച്ചിനും ക്രിസ്റ്റഫറും അടുത്ത സുഹൃത്തുക്കളായിരുന്നു. പക്ഷേ സൗഹൃദം അവസാനിപ്പിക്കാന്‍ സച്ചിന്‍ തീരുമാനിച്ചത് ക്രിസ്റ്റഫറിനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ക്രിസ്റ്റഫര്‍ സച്ചിനെ കലൂരിലേക്ക് വിളിച്ചു വരുത്തുകയും സൗഹൃദം തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സച്ചിന്‍ ഈ ആവശ്യം നിരസിച്ചതോടെ ക്രിസ്റ്റഫര്‍ ആക്രമിക്കുകയായിരുന്നു.
അതേസമയം ക്രിസ്റ്റഫറിന്റെയും സുഹൃത്തുക്കളുടെയും ഫോണുകള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Post a Comment