തിരുവനന്തപുരം: കോട്ടൺ ഹിൽ സ്കൂളിൽ അഞ്ചാം ക്ലാസ് കുട്ടികളെ മുതിർന്ന വിദ്യാർത്ഥികൾ ഉപദ്രവിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മൂത്രപ്പുര ഉപയോഗിക്കരുതെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. ആക്രമിച്ച വിദ്യാർത്ഥികളെ നാളെ സ്കൂളിൽ പൊലീസ് തിരിച്ചറിയൽ പരേഡ് നടത്തും. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കിൽ കൈഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്കൂൾ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരിക്കേറ്റ ഒരു വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിദ്യാർത്ഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിർന്ന വിദ്യാർത്ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
മാസ്ക്ക് ഇട്ടിരുന്ന വിദ്യാർത്ഥികൾ യൂണിഫോം ധരിച്ചിരുന്നില്ല. മ്യൂസിയം പൊലീസ് നാളെ സകൂളിൽ തിരിച്ചറിയൽ പരേഡ് നടത്തും. ചെറിയ ക്ലാസിലെ കുട്ടികൾക്കുണ്ടായ മാനസികാഘാതം കുറയ്ക്കാൻ നാളെ കൗൺസിലിങ്ങും ഒരുക്കിയിട്ടുണ്ട്. പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യു പി സ്കൂൾ കുട്ടികളെ മുതിർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. എന്നാൽ പുറത്ത് നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കൾ സംശയിക്കുന്നു. സ്കൂൾ ഗെയിറ്റിനും ചുറ്റുമതിലിലും സി സി ടി വി ക്യാമറകൾ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പരാതികൾ ഒന്നും കിട്ടിയിട്ടില്ലെന്നാണ് ഹെഡ്മാസ്റ്റര്‍ പറയുന്നത്. സംഭവം ശ്രദ്ധയിൽപെട്ട ഉടൻ പൊലീസിലും ഉന്നതാധികാരികൾക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഹെഡ്‍മാസ്റ്റര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.
Post a Comment