പഴകിയ മീനിന് പുറമേ ഇതര സംസ്ഥാനങ്ങളിൽ നിന്ന് പഴകിയ മാംസവും അതിർത്തി കടന്നെത്തുന്നത് ഭക്ഷ്യസുരക്ഷ വകുപ്പിന് തലവേദനയാകുന്നു. ഇതോടെ അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കൊല്ലം ജില്ലയിൽ മാത്രം പതിനോരായിരം കിലോ പഴകിയ മീനാണ് ഭക്ഷ്യസുരക്ഷ വിഭാഗം പിടികൂടി നശിപ്പിച്ചത്. രോഗം ബാധിച്ച കന്നുകാലികളുടേയും ചത്ത മൃഗങ്ങളുടേയും ഇറച്ചിയാണ് കുറഞ്ഞ വിലയ്ക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നത്. ഇവ ഭക്ഷ്യയോഗ്യമല്ല.
ബലിപ്പെരുന്നാൾ അടുത്തതോടെ അതിർത്തികൾക്ക് പുറമേ ഇറച്ചി വിൽപ്പന കേന്ദ്രങ്ങളിലും പരിശോധന നടത്താൻ ഒരുങ്ങുകയാണ് ഭക്ഷ്യസുരക്ഷ വകുപ്പ്. ട്രോളിംഗ് തുടങ്ങിയതിന് ശേഷം കൊല്ലം ജില്ലയിൽ മാത്രം പതിനോരായിരം കിലോ മീനാണ് ഫുഡ് സേഫ്റ്റി ഡിപ്പാർട്മെന്റ് പിടിച്ചെടുത്തത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പഴകിയ മീനെത്തുന്നത്. മീനിന്റെ ലഭ്യതക്കുറവ് മുതലെടുത്താണ് ഇത്തരം സംഘങ്ങൾ വ്യാപകമായി പ്രവർത്തിക്കുന്നതെന്നാണ് വിലയിരുത്തൽ.
Post a Comment