Join News @ Iritty Whats App Group

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു


നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (69)അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റിലാണ് അന്ത്യം സംഭവിച്ചത്. ഉറക്കത്തിനിടെയാണ് മരണമെന്ന് സൂചനയുണ്ട്. മരണസമയം മകള്‍ വീട്ടിലുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക്മാറ്റാന്‍ നടപടി തുടങ്ങി.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അദ്ദേഹം നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1978 ൽ ഭരതനാണ് ഇദ്ദേഹത്തെ ആരവമെന്ന സിനിമയിലൂടെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത്. 1979 ൽ പുറത്തുവന്ന തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമയാണ്. 1980 ൽ പുറത്തുവന്ന ലോറി, ചാമരം എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തൻ സിനിമാ രംഗത്ത് ചുവടുറപ്പിച്ചത്.

തിരുവനന്തപുരം സ്വദേശിയായ പ്രതാപിന്റെ വിദ്യാഭ്യാസം ഊട്ടിയിലെ ബോർഡിങ് സ്കൂളിലും മലബാർ ക്രിസ്ത്യൻ കോളേജിലുമായിട്ടായിരുന്നു. പിന്നീട് മുംബൈയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് കയറി. ഇവിടെ വെച്ച് നാടകാഭിനയത്തിൽ സജീവമായി. ഇതിലൂടെയാണ് ഭരതനെ പരിചയപ്പെട്ടത്. ഇതോടെ ജീവിതം വെള്ളിത്തിരയിലേക്ക് മാറി.

മലയാളത്തിൽ ലഭിച്ചതിലുമേറെ അവസരം പ്രതാപ് പോത്തന് തമിഴിലായിരുന്നു കിട്ടിയത്. 1987 ൽ ഋതുഭേദം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധാനത്തിലേക്ക് കടന്നത്. പിന്നീട് ഡെയ്സി, ഒരു യാത്രാമൊഴി എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. തമിഴിൽ ജീവ, വെട്രി വീഴ, സീവലപെരി പാണ്ടി, ലക്കി മാൻ എന്നീ സൂപ്പർ ഹിറ്റ് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group