കൊച്ചിയില്‍ ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മരിച്ച സംഗീതയുടെ ഭര്‍ത്താവ് സുമേഷ് ഇയാളുടെ അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രമണിയെയും മനീഷയേയും കുന്നംകുളത്തെ വീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നാലെ സുമേഷ് പൊലീസിന് മുന്നില്‍ കീഴടങ്ങി.
ജൂണ്‍ ഒന്നിനാണ് സംഗീത ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവുമാണ് സംഗീതയുടെ മരണത്തിന് കാരണമെന്നാണ് വീട്ടുകാര്‍ പറയുന്നത്.
സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചിരുന്നുവെന്നും ശാരീരിക ഉപദ്രവങ്ങള്‍ക്ക് പുറമെ സുമേഷും കുടുംബാംഗങ്ങളും സംഗീതയെ ജാതീയമായി അധിക്ഷേപിച്ചുവെന്ന് യുവതിയുടെ വീട്ടുകാര്‍ പറയുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ കസേരയില്‍ ഇരിക്കാന്‍ പോലും സംഗീതയെ അനുവദിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
സ്ത്രീധനം കിട്ടിയില്ലെങ്കില്‍ ബന്ധം വേര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഭര്‍ത്താവ് സുമേഷ് സംഗീതയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. പൊലീസ് പരാതി നല്‍കിയെങ്കിലും അവര്‍ സംഗീതയെ സുമേഷിനോടൊപ്പം അയച്ചു. വീട്ടിലെത്തിയ സംഗീത തുങ്ങിമരിച്ചുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്. തൃശൂര്‍ സ്വദേശിയായ സുമേഷിന്റെയും സംഗീതയുടെയും പ്രണയ വിവാഹമായിരുന്നു. 2020 ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്.
Post a Comment