Join News @ Iritty Whats App Group

ക്ഷീണം, നെഞ്ചുവേദന, ശ്വാസംമുട്ടൽ; അറിയണം മങ്കിപോക്സിന്റെ അപായസൂചനകൾ

കോവിഡിന്റെ നാലാം വ്യാപന ഭീഷണി
നിലനിൽക്കുമ്പോൾത്തന്നെ വാനരവസൂരി(മങ്കിപോക്സ്) പോലെയുള്ള പുതിയ പകർച്ചവ്യാധികളുടെ ആവിർഭാവം പരക്കെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. യു.എ.ഇ.യിൽനിന്ന് കേരളത്തിലെത്തിയ ഒരാൾക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ വർഷം മേയിൽ ബ്രിട്ടനിൽ ആദ്യത്തെ കേസ് സ്ഥിരീകരിച്ചതിനുശേഷം ജൂൺ മാസമാകുമ്പോഴേക്കും 50 രാജ്യങ്ങളിലായിമൂവായിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗികൾക്കാർക്കുംതന്നെ വാനരവസൂരിവന്നവരുമായി സമ്പർക്കമോ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ചരിത്രമോ ഇല്ലായെന്നത് വൈറസിന്റെ സമൂഹവ്യാപനം നടന്നിട്ടുണ്ടാകാമെന്നതിന്റെ സൂചനയാണ്. ലോകാരോഗ്യസംഘടന ഇക്കാര്യത്തിൽ കർശനമായ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

കോവിഡ്പോലെയുള്ള തീവ്ര വ്യാപനശേഷിയും വസൂരിപോലെ മാരകവുമല്ല മങ്കിപോക്സ് എന്നത് ആശ്വാസകരമാണ്.
രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി മാറ്റിപാർപ്പിച്ചും രോഗബാധിതരെ ശുശ്രൂഷിക്കുമ്പോൾ ആവശ്യമായ ശുചിത്വ നടപടികൾ സ്വീകരിച്ചും രോഗവ്യാപനം തടയാം. ഇപ്പോൾ പിന്തുടരുന്ന കോവിഡ് സുരക്ഷാ പ്രതിരോധ മാർഗങ്ങൾ രോഗനിയന്ത്രണത്തിന് സഹായകമാകും.

രോഗലക്ഷണങ്ങൾ

പനി, തലവേദന, പേശിവേദന, ക്ഷീണം, കുളിരും വിറയലും, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗ്രന്ഥിവീക്കം (കഴലവീക്കം) ഉണ്ടാകും. തുടർന്ന് ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന പാടുകളും കുമിളകളുമാണ് രോഗത്തിന്റെ സവിശേഷലക്ഷണം. മുഖത്ത് ചുവന്ന പാടുകളാണ് ആദ്യമുണ്ടാകുക. തുടർന്ന് കൈകാലുകളിലേക്കും പടരുന്നു. ചിക്കൻ പോക്സിൽനിന്ന് വ്യത്യസ്തമായി നെഞ്ചിലും വയറിലും പാടുകൾ കൂടുതലായി ഉണ്ടാകുന്നില്ല. നാലഞ്ചുദിവസങ്ങൾ കൊണ്ട് ഈ പാടുകളിലെല്ലാം സ്രവങ്ങൾ നിറഞ്ഞ് കുമിളകളായി മാറുന്നു.

രണ്ടാഴ്ചയാകുമ്പോഴേക്കും കുമിളകൾ ഉണങ്ങി പൊറ്റകളായി മാറുന്നു. വായ്ക്കുള്ളിലും കണ്ണിലും
ജനനേന്ദ്രിയത്തിലുമൊക്കെ പാടുകൾ ഉണ്ടാകും.

സാധാരണഗതിയിൽ രണ്ടു മുതൽ നാല് ആഴ്ചകൾക്കുള്ളിൽ രോഗം പൂർണമായും ഭേദമാകുന്നു. ചെറിയ കുട്ടികളിൽ രോഗം ഗുരുതരമാകാനും സങ്കീർണതകൾ പ്രത്യക്ഷമാകാനും സാധ്യതയുണ്ട്. ന്യുമോണിയ, മസ്തിഷ്കജ്വരം, കോർണിയയിൽ കുമിളകൾ ഉണ്ടാകുന്നതിനെത്തുടർന്ന് അന്ധത തുടങ്ങിയവയാണ് സങ്കീർണതകൾ. മൂന്നു മുതൽ ആറു ശതമാനമാണ് മരണനിരക്ക്.

രോഗനിർണയം

തൊണ്ടയിൽനിന്നും മൂക്കിൽനിന്നും ശേഖരിക്കുന്ന സ്രവം, രക്തം, മൂത്രം കൂടാതെ ചർമത്തിലെ കുമിളയിൽനിന്നും ശേഖരിക്കുന്ന സ്രവം, കുമിളകൾ ഉണങ്ങിയ പൊറ്റ ഇവയിൽ നടത്തുന്ന ആർ.ടി.പി.സി.ആർ. പരിശോധനയിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നു.

രോഗചികിത്സ

രോഗലക്ഷണങ്ങൾക്കനുസൃതമായ ചികിത്സയാണ് നൽകേണ്ടതാണ്. താരതമ്യേന ലഘുവായ ലക്ഷണങ്ങളുള്ള വ്യക്തിയെ വീട്ടിൽത്തന്നെ
പരിചരിക്കാവുന്നതാണ്. മറ്റു കുടുംബാംഗങ്ങളുമായി സമ്പർക്കത്തിൽ വരാതെ നല്ല വായുസഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കാനനുവദിക്കുക. രോഗിയും പരിചരിക്കുന്നവരും മാസ്ക് ധരിക്കണം. ചർമത്തിലെ കുമിളകൾ പൊതിയുന്ന തരത്തിലുള്ള വസ്ത്രധാരണമായിരിക്കും. നല്ലത്. പനി കുറയാൻ പാരസെറ്റമോളും ചർമത്തിലെ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും കുറയാൻ ആന്റിഹിസ്റ്റുമിൻ മരുന്നുകളും നൽകാം. ചർമത്തിലെ കുമിളകളിൽ ആന്റിബയോട്ടിക് ക്രീമുകൾ പുരട്ടാം. വൈറസ് രോഗമായതുകൊണ്ട്
ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല. ആവശ്യത്തിന് വെള്ളം കുടിക്കാനും പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.

അപായസൂചനകൾ

കണ്ണിൽ വേദന, കാഴ്ച കുറയുക, നെഞ്ചുവേദന, ശ്വാസംമുട്ടൽ, അബോധാവസ്ഥ, അപസ്മാരലക്ഷണങ്ങൾ, മൂത്രത്തിന്റെ അളവ് കുറയുക, ഭക്ഷണം കഴിക്കാതിരിക്കുക, ക്ഷീണം. എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.

പ്രതിരോധം: ശുചിത്വം പ്രധാനം

രോഗബാധിതരും രോഗിയെ പരിചരിക്കുന്നവരും കർശനമായ ശുചിത്വനടപടികൾ സ്വീകരിക്കണം. സമാനലക്ഷണങ്ങളുള്ള പകർച്ചവ്യാധികളും വൈറൽപനിയുമൊക്കെ വ്യാപകമായ സാഹചര്യത്തിൽ ഏതു പനിയായാലും സ്വയം
ചികിത്സ ചെയ്യാതെ വൈദ്യസഹായം തേടണം.

രോഗലക്ഷണമുള്ളവർ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതെ ഒരു മുറിയിൽ വിശ്രമിക്കുക. കുമിളകൾ എല്ലാം ഉണങ്ങി പൊറ്റയായി പുതിയ ചർമമുണ്ടാകുന്നതുവരെ പ്രത്യേകമായി കഴിയണം.

Post a Comment

Previous Post Next Post
Join Our Whats App Group