ദില്ലി: പണപ്പെരുപ്പം ഉയരുമെന്ന് ആർബിഐ റിപ്പോർട്ട്. പ്രതിമാസ ബുള്ളറ്റിനിലാണ് പണപ്പെരുപ്പം ഉയർന്നേക്കുമെന്ന് ആർബിഐ വ്യക്തമാക്കിയത്. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളും ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജൂണിൽ രാജ്യത്തെ പണപ്പെരുപ്പം 7.01 ശതമാനമാണ്. തുടർച്ചയായ മൂന്നാം മാസമാണ് നാണയപ്പെരുപ്പം 7 ശതമാനത്തിനു മുകളിൽ തുടരുന്നത്. മെയ് മാസത്തിൽ 7.04 ശതമാനമായിരുന്നു നാണയ പെരുപ്പം. 0.03 ശതമാനത്തിന്റെ നേരിയ കുറവുണ്ടെങ്കിലും ആർബിഐയുടെ ടാർഗെറ്റ് ബാൻഡിന് മുകളിൽ തന്നെയാണ് ജൂണിലും പണപ്പെരുപ്പ തോതുള്ളത്. വരുന്ന ദിനങ്ങളിൽ പണപ്പെരുപ്പ തോത് ഇനിയും കൂടും എന്നാണ് ആർബിഐ ബുള്ളറ്റിൻ. എന്നാൽ 2022-23 നാലാം പാദത്തോടെ ഇത് ആർബിഐയുടെ ടോളറൻസ് ബാൻഡിന്റെ താഴെ എത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2021 ജൂണിൽ റീട്ടെയിൽ പണപ്പെരുപ്പം 6.26 ശതമാനം ആയിരുന്നു. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടർച്ചയായ ആറാം മാസവും രണ്ട് മുതൽ ആറ് ശതമാനം വരെ എന്നുള്ള ആർബിഐയുടെ ടാർഗെറ്റ് ബാൻഡിന് മുകളിലാണ്. 2022 ഡിസംബർ വരെ പണപ്പെരുപ്പം ആർബിഐയുടെ ടാർഗെറ്റ് ബാൻഡിന് താഴെ എത്തില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
റഷ്യ-ഉക്രെയ്ൻ യുദ്ധം മൂലം ആഗോളതലത്തിൽ ചരക്ക് വില കുതിച്ചുയരുന്നതും ക്രൂഡ് ഓയിൽ വില ഉയർന്നതും പണപ്പെരുപ്പം ഉയരാൻ കാരണമാക്കി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) ഡാറ്റ പ്രകാരം, 2022 ജൂണിൽ, ഭക്ഷ്യ മേഖലയിലെ പണപ്പെരുപ്പം 7.75 ശതമാനമാണ്. മുൻപ് ഇത് 7.97 ശതമാനം ആയിരുന്നു.
Post a Comment