Join News @ Iritty Whats App Group

പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവതിയും സഹോദരനും മരിച്ച അപകടം; അധ്യാപികയായി ജോലിക്ക് ചേരാൻ സഹോദരിയെ യാത്രയാക്കാൻ സഹോദരൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ

കണ്ണൂർ: അധ്യാപികയായി ജോലിയിൽ പ്രവേശിക്കാനായി യാത്ര തിരിച്ച യുവതിയും സഹോദരനും വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ പരിയാരത്ത് ദേശീയപാതയിലാണ് ബൈക്കും കോഴി ലോറിയും കൂട്ടിയിടിച്ച്‌ സഹോദരങ്ങള്‍ മരിച്ചത്. പരിയാരം പാച്ചേനിയിലെ അക്കരമ്മല്‍ ലക്ഷ്മണന്‍-ഭാനുമതി ദമ്പതികളുടെ മക്കളായ സ്‌നേഹ(24) സഹോദരന്‍ ലോഭേഷ്(32) എന്നിവരാണ് മരിച്ചത്.


ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു രണ്ട് വാഹനങ്ങളും. മുന്നില്‍ പോകുകയായിരുന്ന ബൈക്ക് റോഡില്‍ തെന്നിവീണപ്പോള്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെയാണ് കോഴിലോറി നിയന്ത്രണം വിട്ട് വീണുകിടക്കുകയായിരുന്ന ബൈക്ക് യാത്രക്കാരുടെ ദേഹത്ത് മറിഞ്ഞതെന്നാണ് ലോറി ഡ്രൈവര്‍ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പോലീസ് ഈ ഭാഗത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചു വരികയാണ്.

പുതുതായി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയായി ജോലിക്ക് ചേരാന്‍ പോകുന്നതിനിടയിലാണ് അപകടത്തിൽ സ്നേഹയ്ക്കും സഹോദരനും ദാരുണാന്ത്യം ഉണ്ടായത്. മഞ്ചേശ്വരത്തെ സർക്കാർ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപികയായി സ്‌നേഹക്ക് നിയമനം ലഭിച്ചിരുന്നു. പയ്യന്നൂരില്‍ നിന്ന് ട്രെയിനില്‍ പോകുന്നതിനായി ബൈക്കില്‍ സഹോദരനോടൊപ്പം പോകുന്നതിനിടെയാണ് അപകടം.

പരിയാരം പൊലീസും പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയും ചേര്‍ന്നാണ് കോഴി ലോറിക്കടിയില്‍ കുടുങ്ങിയ ഇരുവരേയും പുറത്തെടുത്തത്. സ്നേഹ അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ലോഭേഷിനെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു തന്നെ ബന്ധുക്കൾക്ക് വിട്ടു നൽകും.

Post a Comment

Previous Post Next Post
Join Our Whats App Group