ഇരിട്ടി: കനത്ത മഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിൽ വലഞ്ഞ് ഇരിട്ടി- പേരാവൂർ റോഡിലെ വാഹനയാത്രക്കാരും ജനങ്ങളും. പയഞ്ചേരി മുക്കിലെ എസ് ബി ഐ ശാഖക്ക് മുന്നിലും ജബ്ബാർ കടവ് പാലം, പായം മുക്ക്, ഹാജിറോഡ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ട് മൂലമുള്ള യാത്രാ പ്രശ്നം രൂക്ഷമാണ്. വർഷങ്ങൾക്ക് മുൻപ് ടാറിംഗ് നടത്തിയ റോഡിൽ വെള്ളക്കെട്ട് മൂലം വലിയ കുഴികൾ തന്നെ രൂപപ്പെട്ടു കഴിഞ്ഞു. വെള്ളം നിറഞ്ഞു കിടക്കുന്ന ഇത്തരം കുഴികളിൽ വീണ് ഇരു ചക്രവാഹന യാത്രക്കാർ അപകടത്തിൽ പെടുന്നതും നിത്യ സംഭവമായി.
പയഞ്ചേരി എസ്‌ബിഐ ശാഖക്ക് സമീപമാണ് വെള്ളക്കെട്ട് ഏറ്റവും ദുരിതം തീർക്കുന്നത്. പതിനഞ്ച് കൊല്ലം മുമ്പാണ്
പയഞ്ചേരിമുക്ക് - പേരാവൂർ - നിടുംപൊയിൽ റോഡ് കെഎസ്‌ടിപി പദ്ധതിയിൽ
നവീകരിച്ചത്. ഇരിട്ടിയിൽ നിന്നും കൊട്ടിയൂർ - പാൽചുരം വഴിയും നിടുമ്പൊയിൽ ചുരം വഴിയും നിരവധി വാഹനങ്ങളാണ് നിത്യവും വയനാട്ടിലേക്ക് ഇതുവഴി കടന്നു പോകുന്നത്. അഴുക്കുചാലുകളോ, വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളോ
നിർമ്മിക്കാതെ നടത്തിയ നവീകരണത്തിൽ റോഡിൽ പരക്കെ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. റോഡിലെ കലുങ്കുകളെല്ലാം തകർച്ചയിലാണ്. മേഖലയിലെ അപ്രധാന റോഡുകൾ പോലും കോടികൾ മുടക്കി ടീമേക്കടം ടാറിംഗ് അടക്കം ചെയ്തിട്ടും ഈ റോഡിനെ പൊതുമരാമത്ത് വകുപ്പ് അവഗണിച്ച മട്ടാണ്. പയഞ്ചേരിയിലെ വെള്ളക്കെട്ട് പ്രദേശം വഴി കാൽനടക്കാർ ചെളിയിൽ കുളിച്ചാണ് കടന്നുപോവുന്നത്. വലിയ വാഹനങ്ങൾ ഇരു ചക്ര വാഹനയാത്രക്കാരെ ചെളിയിൽ കുളിപ്പിക്കുന്നതും നിത്യ സംഭവമാണ്.
മഴക്കാല പൂർവ അറ്റകുറ്റപ്പണികൾ പോലും നടത്തി ഇല്ലെന്നതും റോഡിനെ വലിയ അപകട ഭീഷണിയിലാക്കുകയാണ്.
Post a Comment