കൂത്തുപറമ്പ്: മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘത്തിന്റെ മർദനത്തിൽ കണ്ണവം യുപി സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. അഞ്ചാം ക്ലാസ് വിദ്യാർഥികളായ കണ്ണവം പഴശിമുക്കിലെ എം.സൂര്യകൃഷ്ണ (11), പറമ്പുക്കാവ് കോളനിയിലെ റിജിൽ അനീഷ് (11) എന്നിവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോഴാണ് സംഭവം. സ്കൂളിലേക്ക് അതിക്രമിച്ച് കയറിയ സംഘം വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർഥിയുടെ രക്ഷിതാവ് പറഞ്ഞു.
സ്കൂളിന്റെ പിൻഭാഗത്തെ മതിൽ ചാടിക്കടന്നാണ് അക്രമികൾ സ്കൂളിനുള്ളിൽ കയറിയത്. മറ്റ് വിദ്യാർഥികൾ ഇല്ലാത്ത ക്ലാസ് മുറിയിൽ വെച്ചാണ് സംഘം വിദ്യാർഥികളെ മർദിച്ചത്.
മർദനമേറ്റ ഒരു വിദ്യാർഥി കുഴഞ്ഞ് വീഴുകയും ചെയ്തു.സംഭവത്തിന്റെ തലേ ദിവസം വിദ്യാർഥികൾ തമ്മിൽ ചെറിയ തോതിലുള്ള വാക്കുതർക്കം ഉണ്ടായിരുന്നു.
ഇതിന് തുടർച്ചയായിട്ടായിരുന്നു ഇന്നലത്തെ അക്രമം.ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. കണ്ണവം ഇൻസ്പെക്ടർ എം. സജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
Post a Comment