സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സുരക്ഷാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.
വിമുക്ത ഭടൻ കൂടിയായ സുരക്ഷ ജീവനക്കാരൻ മണികണ്ഠനാണ് 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. തേഞ്ഞിപ്പലം പോലീസ് പ്രതിയെ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. ജൂൺ 29 നാണു സംഭവം നടന്നത്.
കാലിക്കറ്റ് സർവകലാശാലയിലെ കരാർ ജീവനക്കാരൻ ആണ് വിമുക്ത ഭടൻ കൂടിയായ മണികണ്ഠൻ. ക്യാമ്പസിൽ കാട് പിടിച്ചു കിടക്കുന്ന ആളൊഴിഞ്ഞ ഒട്ടേറെ ഇടങ്ങൾ ഉണ്ട്. ഇവിടേക്ക് കൂട്ടുകാരുടെ കൂടെ വന്ന പെൺകുട്ടിയുടെ ഫോട്ടോ ഇയാള് എടുത്തിരുന്നു. ഈ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി ആണ് പ്രതി പീഡിപ്പിച്ചത്. കറങ്ങി നടക്കുന്നത് രക്ഷിതാക്കളെയും സ്‌കൂള്‍ പ്രിന്‍സിപ്പാലിനെയും അറിയിക്കുമെന്ന് പറഞ്ഞായിരുന്നു ഭിഷണി.
തുടർന്ന് പെൺകുട്ടിയെ തൊട്ടടുത്ത കാടുമൂടിയ ഇടത്തേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. നടന്ന കാര്യങ്ങൾ പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. തുടർന്ന് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ തേഞ്ഞിപ്പലം പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾക്ക് എതിരായ വകുപ്പുകളും പോക്സോയും ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
Post a Comment