തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകട പരമ്പര. 5 വ്യത്യസ്ത അപകടങ്ങളിലായി ഇന്ന് 8 പേർ മരിച്ചു. അടൂർ എനാത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. മടവൂർ സ്വദേശി രാജശേഖര ഭട്ടത്തിരി, ഭാര്യ ശോഭ, മകൻ നിഖിൽ രാജ് എന്നിവരാണ് മരിച്ചത്. രാജശേഖര ഭട്ടത്തിരിയും ശോഭയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിഖിൽ രാജ് പിന്നീടാണ് മരിച്ചത്. രാവിലെ 6.20ന് ആയിരുന്നു അപകടം.
പാലക്കാട് കല്ലടിക്കോട് രാവിലെയുണ്ടായ വാഹനാപകടത്തിലും രണ്ട് പേർ മരിച്ചു. ബൈക്കും ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരാണ് മരിച്ചത്. മണ്ണാർക്കാട് സ്വദേശി ജോസ്, പയ്യനെടം സ്വദേശി രാജീവ് കുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു അപകടം. ബൈക്കിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ലോറി സമീപത്തെ പൊലീസ് സ്റ്റേഷന്റെ മതിലും തകർത്തു.
ഈരാറ്റുപേട്ടയ്ക്കടുത്തുണ്ടായ അപകടത്തിൽ ഇടമറുക് സ്വദേശി റിന്‍സ് (40) ആണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസും ഗ്യാസ് കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഈരാറ്റുപേട്ട-തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപമാണ് അപകടം ഉണ്ടായത്. ഈരാറ്റുപേട്ടയില്‍ നിന്ന് മേലുകാവ് ഭാഗത്തേയ്ക്ക് ഗ്യാസ് സിലിണ്ടറുമായി പോയ വാഹനം തൊടുപുഴയില്‍ നിന്ന് എരുമേലിയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചറില്‍ ഇടിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് റിൻസിനെ പുറത്തെടുത്തത്.
ആലുവയിൽ ഗുഡ്‍സ് ഓട്ടോ, സ്കൂട്ടറിലിടിച്ച് ചൂർണിക്കര പള്ളിക്കുന്ന് സ്വദേശി അലൻ മരിച്ചു. വയനാട് ബത്തേരിയിൽ കാറിന്റെ ഡോറിൽ ബൈക്കിടിച്ച് മാവാടി ചെട്ടിയാങ്കണ്ടി സ്വദേശി റഫീഖും മരിച്ചു.
Post a Comment