2019 ലെ ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താന്‍ കേരളാ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഒരു കിലോ മീറ്റര്‍ വരെ ബഫര്‍ സോണ്‍ എന്ന 2019 ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ബഫര്‍ സോണില്‍
സുപ്രീംകോടതിയില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ മന്ത്രി സഭ ചുമതലപെടുത്തി. വനങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ വരെയുള്ള ജനവാസ കേന്ദ്രങ്ങള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെടും എന്നായിരുന്നു 2019 ലെ ഉത്തരവ്. ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.
സംരക്ഷിത വനങ്ങളുടെ ചുറ്റളവില്‍ ഒരു കിലോമീറ്റര്‍ പരിസ്ഥിതി മേഖല നിര്‍ബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫര്‍ സോണ്‍ നടപ്പാക്കുക എന്നതാണ് കേരളത്തിന്റെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയില്‍ വിധി നടപ്പാക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം.
ഇതിനായി തുറന്ന കോടതിയില്‍ തന്നെ ഹര്‍ജി എത്തുന്ന തരത്തില്‍ നീങ്ങാനായിരുന്നു തീരുമാനം. നിലവില്‍ ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷന്‍ പെറ്റീഷനാണ് കേരളം നല്‍കാന്‍ ഉദ്ദേശിച്ചത്. കോടതി നിലപാട് എതിരായാല്‍ നിയമനിര്‍മ്മാണ സാധ്യതകളും പരിശോധിക്കാനായിരുന്നു നീക്കം. എന്നാല്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ ഹര്‍ജി ഫയല്‍ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് കേരളം.
Post a Comment