Join News @ Iritty Whats App Group

മേക്കപ്പിലൂടെ 20 വയസ് കുറച്ച് വിവാഹത്തട്ടിപ്പു നടത്തി; പുനര്‍ വിവാഹത്തിന് തയാറായ പുരുഷന്‍മാരെ വിവാഹം ചെയ്തു സ്വത്തും ആഭരണങ്ങളുമായി മുങ്ങുന്ന തട്ടിപ്പുകാരി അറസ്റ്റില്‍,54 കാരിയെ ആധാർകാർഡ് കുടുക്കി


പുനര്‍ വിവാഹത്തിന് തയാറായ പുരുഷന്‍മാരെ വിവാഹം ചെയ്തു സ്വത്തും ആഭരണങ്ങളുമായി മുങ്ങുന്ന തട്ടിപ്പുകാരി അറസ്റ്റില്‍. തിരുപ്പതി സ്വദേശിയായ സുകന്യ എന്ന 54കാരിയാണ് പിടിയിലായത്. രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ ഇവര്‍ ആവഡി സ്വദേശി ഗണേഷ് എന്ന 35കാരനെയാണ് അവസാനമായി വിവാഹം ചെയ്തത്. മേക്കപ്പിലൂടെ പ്രായം കുറച്ച് കാട്ടിയാണ് ഇവര്‍ ഗണേഷിനെയും ബന്ധുക്കളെയും കബളിപ്പിച്ചത്. മുന്‍പ് സേലത്തും ജോലാര്‍പേട്ടയിലും ഇവര്‍ സമാനമായ തട്ടിപ്പ് നടത്തിയിരുന്നു.

ആന്ധ്രപ്രദേശിലെ തിരുപ്പതിക്കു സമീപമുള്ള പുത്തൂര്‍ സ്വദേശിയായ ശരണ്യ എന്ന പേരിലായിരുന്നു സുകന്യയെ  ഗണേഷിനും കുടുംബത്തിനും ബ്രോക്കര്‍ പരിചയപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ശരണ്യയും ഗണേഷും തമ്മിലുള്ള വിവാഹം ആഘോഷമായി നടത്തിയിരുന്നു. ആറു വര്‍ഷത്തിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ ലഭിച്ച മരുമകള്‍ക്ക് 25 പവന്‍ സ്വര്‍ണമാണ് ഗണേഷിന്റെ അമ്മ ഇന്ദ്രാണി വിവാഹ സമ്മാനമായി നല്‍കിയത്. വൈകാതെ ഗണേഷിന്റെയും കുടുംബത്തിന്റെയും നിയന്ത്രണം ശരണ്യ ഏറ്റെടുത്തു. ശമ്പളം മുഴുവന്‍ ഏല്‍പ്പിക്കണമെന്ന ശരണ്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്നു ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പിറകെ ഗണേഷിന്റെ പേരിലുള്ള സ്വത്ത് ആവശ്യപ്പെട്ടു ശരണ്യ ഇന്ദ്രാണിയുമായി വഴക്കുണ്ടാക്കി.

സ്വത്ത് എഴുതിനല്‍കാന്‍ ഗണേഷ് തയാറായെങ്കിലും ആധാര്‍ കാര്‍ഡ് നല്‍കാതെ ശരണ്യ ഇവരെ കബളിപ്പിച്ചു. സംശയം തോന്നിയ ഇന്ദ്രാണി ശരണ്യയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനു ശേഷം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മുന്‍പു മൂന്നുതവണ ശരണ്യ വിവാഹം കഴിച്ചതായി കണ്ടെത്തി. തിരുപ്പതി പുത്തൂരില്‍ ഭര്‍ത്താവും വിവാഹിതരായ പെണ്‍മക്കളുമുള്ള ഇവരുടെ യഥാര്‍ഥ പേരു സുകന്യയാണെന്നും പോലീസ് പറയുന്നു.

11 വര്‍ഷം മുന്‍പ് വീടു വിട്ട ഇവര്‍ സേലം സ്വദേശിയെയാണ് പിന്നീട് വിവാഹം കഴിച്ചത്. ഇയാളുടെ സ്വര്‍ണവും പണവുമായി മുങ്ങിയ ശേഷം ജോലാര്‍പേട്ടയിലെ റെയില്‍വേ ക്യാന്റീന്‍ നടത്തിപ്പുകാരന്റെ ഭാര്യയായി. കോവിഡ് സമയത്ത് അമ്മയെ കാണാന്‍ പോകുന്നുവെന്നു പറഞ്ഞ് ജോലാര്‍പേട്ടയില്‍ നിന്നു മുങ്ങിയ ശേഷം ചെന്നൈയിലെത്തിയാണ് ഗണേഷിന്‍റെ വധുവായത്. ബ്രോക്കര്‍മാര്‍ വഴി പുനര്‍വിവാഹത്തിനൊരുങ്ങുന്ന പുരുഷന്‍മാരെ കണ്ടെത്തിയായിരുന്നു തട്ടിപ്പ്.

പെണ്ണ് കാണലിനു മുന്‍പു ബ്യൂട്ടി പാര്‍ലറില്‍ പോയി നന്നായി ഒരുങ്ങിവരുന്ന സുകന്യയെ കണ്ടവര്‍ക്കെല്ലാം ഇഷ്ടപെടുകയും ചെയ്തു. വിവാഹ സമയത്ത് സമ്മാനമായി ലഭിക്കുന്ന സ്വര്‍ണവും ഭര്‍ത്താക്കന്‍മാരുടെ പണവും ലക്ഷ്യം വെച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group