ദില്ലി: കെട്ടിട നിർമാണം നടക്കുന്ന സ്ഥലത്തുനിന്ന് ഇരുമ്പ് കമ്പി മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് 18കാരനെ സെക്യൂരിറ്റി ജീവനക്കാരൻ വെടിവെച്ച് കൊലപ്പെടുത്തി. ഞായറാഴ്ച കിഴക്കൻ ദില്ലിയിലെ കൺസ്ട്രക്ഷൻ സൈറ്റിലാണ് സംഭവം. രാത്രി 9.51നാണ് വിവരം ലഭിച്ചതെന്ന് പൊ ലീസ് പറഞ്ഞു. വിശ്വാസ് നഗറിലെ എൻഎസ്എ കോളനിയിൽ താമസിക്കുന്ന ആശിഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ഇതേത്തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ദൃക്‌സാക്ഷിയായ കുനാൽ എന്നയാളുടെ മൊഴിയെടുത്തു. താനും സുഹൃത്ത് ആശിഷും ഇരുമ്പ് കമ്പി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഈ സമയം സെക്യൂരിറ്റി ഗാർഡ് ആശിഷിനു നേരെ വെടിയുതിർത്തുവെന്നും ഇയാൾ പറഞ്ഞു.
യുവാവിനെ ഹെഡ്‌ഗേവാർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഡിസിപി ആർ. സത്യസുന്ദരം പറഞ്ഞു.
ഐപിസി സെക്ഷൻ 302 പ്രകാരം കൊലപാതകവുമായി ബന്ധപ്പെട്ട് ആനന്ദ് വിഹാർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ എട്ട് മാസമായി സെക്യൂരിറ്റി ഏജൻസിയിൽ ജോലി ചെയ്തിരുന്ന 48 കാരനായ രാജേന്ദ്രയാണ് അറസ്റ്റിലായത്. സംഭവസമയത്ത് രാജേന്ദ്ര സ്വന്തമായി ലൈസൻസുള്ള സിംഗിൾ ബാരൽ റൈഫിൾ കൈവശം വച്ചിരുന്നതായും ഇയാളുടെ പിതാവ് വിമുക്തഭടനായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കുനാലിനെ ചോദ്യം ചെയ്തു വരികയാണെന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മരിച്ചയാൾക്ക് താടിയിലും നെഞ്ചിലും വെടിയേറ്റെന്ന് പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ഉദ്യോഗസ്ഥൻ യുവാവിന്റെ അരയ്ക്കു താഴെ വെടിവെക്കാനാണ് ശ്രമിച്ചതെന്നും എന്നാൽ ഉയരത്തിൽ നിന്നിരുന്നതിനാൽ വെടി നെഞ്ചിലും താടിയിലും ഏൽക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
Post a Comment