കണ്ണൂര്‍: സംസ്ഥാനത്ത് ഉയരുന്ന കൊവിഡ് കേസുകള്‍ക്ക് പുറമെ പകര്‍ച്ചപ്പനി വ്യാപകം. 15,000 ത്തിലധികം പേരാണ് ഓരോ ദിവസവും പനി ബാധിതരാകുന്നത്.
ഒരു മാസത്തിനിടെ മൂന്നരലക്ഷത്തിലധികം പേരാണ് ചികിത്സ തേടിയത്. വടക്കന്‍ കേരളത്തിലാണ് പനി വ്യാപകമായി പടരുന്നത്. മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേര്‍ക്ക് പനി ബാധിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും പകര്‍ച്ചപ്പനി വ്യാപകമാണ്.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കാസര്‍ഗോഡ് ആണ് മുന്നില്‍. ഇന്നലെ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ 12, എറണാകുളം 12 എന്നിങ്ങനെയാണ് ഇന്നലെ അഡ്മിറ്റ് ആയവരുടെ കണക്ക്. സംസ്ഥാനത്ത് ഇന്നലെ 2 പേര്‍ പനി ബാധിച്ചു മരിച്ചു. ഇന്നലെയും മിനിഞ്ഞാന്നും മാത്രമായി പനി ബാധിച്ചവര്‍ 30,000 ന് അടുത്താണ്. കഴിഞ്ഞ മാസം പനി ബാധിച്ചത് 3,50,000 പേര്‍ക്കാണ്. വയനാട്ടില്‍ എലിപ്പനി ഭീഷണിയുമുണ്ട്.
ഇന്നലെ മാത്രം 7 പേര്‍ക്ക് ജില്ലയില്‍ എലിപ്പനി സ്ഥിരീകരിച്ചു. ചെതലയം, പുല്‍പ്പള്ളി, ഇടവക, ചീരാല്‍, കോട്ടത്തറ ഇങ്ങനെ 7 സ്ഥലങ്ങളില്‍ ആണ് എലിപ്പനി സ്ഥിരീകരിച്ചത്. മൊത്തം എലിപ്പനി മരണം 21 ആയി. ഇന്നലെ സംസ്ഥാനത്ത് 51 പേര്‍ക്ക് ഡെങ്കി, 12 ചിക്കന്‍പോക്‌സ് എന്നിവ സ്ഥിരീകരിച്ചു . എറണാകുളത്ത് മാത്രം 19 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തക്കാളിപനി അടക്കം കുട്ടികളിലും പകര്‍ച്ചപ്പനി വ്യാപകമാണ്. അംഗനവാടികളിലും സ്‌കൂളുകളിലും കുട്ടികളുടെ ഹാജര്‍ നിലയെ തന്നെ ഇവ ബാധിച്ചു.
Post a Comment