പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (sukanya samriddhi yojana). 2022 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള പാദത്തിലെ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്കുകള്‍ (interest rates) കേന്ദ്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പുതിയ പലിശ നിരക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ കൂടുതലാണ്. കൂടാതെ എസ്എസ്‌വൈ പദ്ധതി മറ്റ് ലഘു സമ്പാദ്യ പദ്ധതികളേക്കാളും മികച്ച വരുമാനം നല്‍കുന്നുണ്ട്.
ആര്‍ക്കൊക്കെ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാം?
10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുമ്പോള്‍ അവള്‍ ആയിരിക്കും അക്കൗണ്ട് ഉടമ. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളുടെ പേരില്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കൂ. ഇരട്ടകള്‍/മൂന്നു കുട്ടികള്‍ എന്നിങ്ങനെ ജനിച്ചാല്‍ രണ്ടില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കാം.
പോസ്റ്റ് ഓഫീസുകളിലോ (post offices) ബാങ്കുകളിലോ (banks) സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാന്‍ കഴിയും. പിന്നീട് മറ്റ് ബാങ്കുകളുടെ ശാഖകളിലേക്കോ പോസ്റ്റ് ഓഫീസുകളിലേക്കോ എളുപ്പത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും. പദ്ധതിയുടെ നിക്ഷേപ കാലയളവ് 15 വര്‍ഷവും മെച്യൂരിറ്റി കാലാവധി 21 വര്‍ഷവുമാണ്.
നിയമങ്ങള്‍
250 രൂപ പ്രാരംഭ നിക്ഷേപം നടത്തി സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാവുന്നതാണ്. അതിനുശേഷം ഓരോ സാമ്പത്തിക വര്‍ഷത്തിലും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപം നടത്താം. മൊത്തം തുക ഒരുമിച്ചോ അല്ലെങ്കില്‍ പ്രതിമാസ അടിസ്ഥാനത്തിലോ അടയ്ക്കാവുന്നതാണ്. എന്നാൽ അക്കൗണ്ടില്‍ മിനിമം തുക നിലനിര്‍ത്തിയില്ലെങ്കില്‍, 50 രൂപ പിഴ ഈടാക്കും. നിക്ഷേപത്തിൽ വീഴ്ച വരുത്തിയ ഓരോ വര്‍ഷത്തിനും കുറഞ്ഞത് 250 രൂപ + 50 രൂപ വീതം അടച്ച് അക്കൗണ്ട് തുറന്ന തീയതി മുതല്‍ 15 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് തിരിച്ചെടുക്കാവുന്നതാണ്.
പലിശയും നികുതി ആനുകൂല്യങ്ങളും
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ പദ്ധതിയുടെ പലിശ നിരക്ക് 7.6 ശതമാനം ആണ്. ലഭിക്കുന്ന പലിശ എല്ലാ സാമ്പത്തിക വര്‍ഷാവസാനവും അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ട്. നിക്ഷേപിച്ച തുകയ്ക്കും നികുതി നല്‍കേണ്ടതില്ല.
മെച്യൂരിറ്റി കാലാവധി
നിങ്ങള്‍ 250 രൂപ പ്രാരംഭ നിക്ഷേപത്തില്‍ ഒരു അക്കൗണ്ട് തുറക്കുകയും ആദ്യ മാസത്തേക്ക് 750 രൂപ നല്‍കുകയും പ്രതിമാസം 1,000 രൂപ നിക്ഷേപിക്കുന്നത് തുടരുകയും ചെയ്താല്‍, നിങ്ങളുടെ മൊത്തം വാര്‍ഷിക നിക്ഷേപം 12,000 രൂപയാകും. ഉദാഹരണത്തിന്, നിങ്ങളുടെ മകള്‍ ജനിച്ച സമയത്ത് അക്കൗണ്ട് തുടങ്ങിയെന്ന് കരുതുക. അവള്‍ക്ക് 21 വയസ്സ് തികയുമ്പോള്‍ നിങ്ങളുടെ നിക്ഷേപ തുക 1,80,000 രൂപയും 3,47,445 രൂപ പലിശയും ലഭിക്കും. 21 വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് 5,27,445 രൂപ തിരികെ ലഭിക്കും.
Post a Comment