ഇടുക്കിയില്‍ ബിജെപി നേതാവിനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ച നടപടി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ബിജെപി ജില്ലാ നേതാവ് പികെ വിനോജ്കുമാറിന്റെ നിയമനമാണ് റദ്ദാക്കിയത്. ദേവികുളം സബ് കോടതിയില്‍ അഡിഷണല്‍ പ്രോസിക്യൂട്ടര്‍, അഡിഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവിയിലായിരുന്നു ഇദ്ദേഹത്തിന് നിയമനം നല്‍കിയത്.
സിപിഐഎമ്മിന്റെ അഭിഭാഷക സംഘടനയില്‍ നിന്ന് ഉള്‍പ്പടെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് നിമയനം റദ്ദാക്കിയത്. ബിജെപി നേതാവിനെ നിയമിച്ചത് സിപിഎം ബിജെപി രഹസ്യധാരണയുടെ ഭാഗമെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നായിരുന്നു വിനോജ് കുമാര്‍ പ്രതികരിച്ചത്.
ജൂണ്‍ ഒന്‍പതിന് ആണ് നെടുംങ്കണ്ടം സ്വദേശിയായ പി കെ വിനോജ് കുമാറിനെ ദേവികുളം സബ് കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിക്കുന്നത്. മൂന്നാര്‍ എംഎല്‍എ എ രാജ ഇരുന്ന തസ്തികയായിരുന്നു ഇത്.
ജൂണ്‍ 15ന് വിനോജ് ചുമതലയേറ്റെടുത്തിരുന്നു. ബിജെപിയുടെ മുന്‍ ജില്ലാ കമ്മിറ്റിയംഗവും സജീവ പ്രവര്‍ത്തകനുമാണ് വിനോജ്.
Post a Comment