കണ്ണൂർ കോർപ്പറേഷൻ വയോജനങ്ങൾക്കായി
ഉല്ലാസയാത്ര സംഘടിപ്പിച്ചു. ട്രെയിൻ- മെട്രോ- വിമാനയാത്ര അനുഭവങ്ങളുമായി വയോജനങ്ങൾ പിന്നീട് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ഒത്തുചേർന്നു.സായംപ്രഭ പകൽ വീടിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ഉല്ലാസ യാത്ര. കൊച്ചിയിലേക്ക് ട്രെയിനിലും വിമാനത്തിലുമായി ഉല്ലാസയാത്ര നടത്തിയ 23 വയോജനങ്ങളാണ് അനുഭവങ്ങൾ പങ്കുവെക്കാൻ ഒത്തുചേർന്നത്.
കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ഒത്തു ചേർന്ന സംഘം അവരുടെ യാത്രാ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചു.
മറൈൻ ഡ്രൈവിലെ ബോട്ടിങ്ങും കപ്പൽ അടുത്തു കണ്ടതും തൃപ്പൂണിത്തുറ ഹിൽ പാലസിന്റെ പടികൾ ആയാസമില്ലാതെ കയറി കാഴ്ചകൾ കണ്ടതും സംഘം വിവരിച്ചു.
മെട്രോ യാത്രയുടെ അനുഭവങ്ങളും ആദ്യത്തെ വിമാനയാത്രയുടെ 'ത്രില്ലും', അതോടൊപ്പം ആട്ടവും പാട്ടും ഒക്കെയായിക്കഴിഞ്ഞ ഒരു ദിവസത്തെ യാത്രാ അനുഭവങ്ങൾ എല്ലാവരും സന്തോഷത്തോടെ കേട്ടിരുന്നു.
23 വയോജനങ്ങളിൽ 81 വയസ്സുകാരനായ താളികാവ് സ്വദേശി സുരേന്ദ്രൻ ആയിരുന്നു ഏറ്റവും പ്രായമുള്ള യാത്രക്കാരൻ.
യാത്രക്കാരായ ഹാഷിം, ധനലക്ഷ്മി, കൗമുദി, പ്രേമജം, പ്രഭാകരൻ തുടങ്ങിയവർ അവരുടെ അനുഭവങ്ങൾ പറഞ്ഞു.
വയോജനങ്ങളോടൊപ്പം ഡോക്ടറും നഴ്സുമാരും കെയർടേക്കറും സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും സഹായിയും ഉൾപ്പെടെ 30 പേരാണ് കഴിഞ്ഞ ശനിയാഴ്ച രാവിലെ 4.40 നുള്ള ജനശതാബ്ദി എക്സ്പ്രസിൽ കൊച്ചിയിലേക്ക് യാത്ര തിരിച്ചത്.
കൊച്ചിയിലെത്തി മറൈൻഡ്രൈവിലെ ബോട്ടിങ്ങും തൃപ്പൂണിത്തുറ ഹിൽ പാലസ് സന്ദർശനവും മെട്രോ യാത്രയും ഒക്കെ കഴിഞ്ഞു അന്ന് വൈകിട്ട് 6.45 നുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഘം കണ്ണൂരിലേക്ക് മടങ്ങിയത്.
കോർപ്പറേഷൻ കൗൺസിൽ ഹാളിൽ വച്ച് നൽകിയ സ്വീകരണ പരിപാടി ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ഷമീമ ടീച്ചർ അധ്യക്ഷയായിരുന്നു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ശാഹിന മൊയ്തീൻ, എം.പി. രാജേഷ്, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ കെ.പി. റാഷിദ്, പി. വി. ജയസൂര്യൻ, ചിത്തിര ശശിധരൻ, മിനി അനിൽകുമാർ, കെ. നിർമ്മല, സി.എം. പത്മജ, കെ. സീത, പി. കൗലത്ത്, പനയൻ ഉഷ, സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാർ കെ., ഡോ. ആൻസിയ അഷ്‌റഫ്, ഐസിഡിഎസ് സൂപ്പർവൈസർ കെ. ശ്രീലത, സായംപ്രഭ ഹോം കെയർ ടേക്കർ സജ്‌ന ഇക്ബാൽ തുടങ്ങിയവർ സംസാരിച്ചു.
കണ്ണൂർ കോർപ്പറേഷൻ എസ് എൻ പാർക്ക് ഭിന്നശേഷിക്കാർക്കായി കഴിഞ്ഞ ദിവസം തുറന്നുകൊടുത്തിരുന്നു.
കണ്ണൂർ കോർപ്പറേഷനു കീഴിലുള്ള എസ്.എൻ. പാർക്ക് എല്ലാ മാസത്തെയും ആദ്യത്തെ ശനിയാഴ്ചയാണ് ഭിന്നശേഷിക്കാർക്കായി തുറന്നു കൊടുക്കുന്നത്. കണ്ണൂർ കോർപ്പറേഷൻ കൗൺസിൽ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായാണ് പാർക്ക് തുറന്നു കൊടുത്തത്. പാർക്കിൽ നടന്ന ചടങ്ങിൽ മേയർ അഡ്വ ടി.ഒ. മോഹനൻ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഐഎഎസ് മുഖ്യാതിഥിയായി. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ അധ്യക്ഷയായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി
Post a Comment