കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി. നാളെ ശമ്പളം ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നാണ് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചിരിക്കുന്നത്. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം നല്‍കണമെന്ന ഉറപ്പ് പാലിക്കാന്‍ മാനേജ്‌മെന്റിന് കഴിയില്ലെന്ന് യൂണിയനുകളെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ച് യൂണിയനുകള്‍ രംഗത്തെത്തിയിരിക്കുന്നത്.
സര്‍വീസുകള്‍ മുടക്കാതെ കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തിന് മുന്നില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മാനേജ്‌മെന്റിന്റെ പെരുമാറ്റം ധിക്കാരപരമാണെന്ന് സിഐടിയു ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മാനേജ്‌മെന്റ് വിളിച്ച യോഗം തൊഴിലാളി യൂണിയനുകള്‍ ബഹിഷ്‌കരിച്ചിരുന്നു.
ഈ മാസം ഇരുപതിന് മുമ്പ് ശമ്പളം ലഭിക്കില്ലെന്ന സൂചനയെ തുടര്‍ന്നാണ് ചര്‍ച്ച ബഹിഷ്‌ക്കരിച്ചത്. മാനേജമെന്റിന്റെ പിടിപ്പുകേടാണ് പ്രതിസന്ധികള്‍ക്ക് കാരണം. ആദ്യം ശമ്പളം ഉറപ്പാക്കൂ, അത് കഴിഞ്ഞാകാം ചര്‍ച്ചയെന്നാണ്് യൂണിയനുകളുടെ നിലപാട്.
കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം കൊണ്ട് ശമ്പളം നല്‍കാനാവില്ലെന്ന് അറിഞ്ഞിട്ടും സര്‍ക്കാരിനോട് ഇതുവരെയും മാനേജ്‌മെന്റ് സഹായം ചോദിച്ചിട്ടില്ലെന്നും യൂണിയനുകള്‍ ആരോപിക്കുന്നു. സിഐടിയുവിന് പുറമെ ഐഎന്‍ടിയുസിയും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നയപരിപാടികളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും അഴിമതി ആരോപണം ഉന്നയിച്ചവര്‍ തന്നെ തെളിയിക്കട്ടേയെന്നുമാണ് സിഎംഡി ബിജു പ്രഭാകര്‍ പ്രതികരിച്ചത്.
Post a Comment