Join News @ Iritty Whats App Group

ആന മതിലിന് പകരം സോളാർഫെൻസിംഗ്; സർക്കാർ ചോദിച്ചു വാങ്ങിയ വിധിയെന്ന് സണ്ണി ജോസഫ് എം എൽ എ


ഇരിട്ടി: ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ആന പ്രതിരോധ കോൺക്രീറ്റ് മതിലിന് പകരം ഹാങ്ങിങ് സോളാർ ഫെന്‍സിംഗ് സ്ഥാപിച്ചാൽ മതിയെന്ന വിധി ഗവൺമെന്റ് ചോദിച്ചുവാങ്ങിയതാണെന്ന് അഡ്വ. സണ്ണി ജോസഫ് എം എൽ എ പത്രസമ്മേളനത്തിൽ പറഞ്ഞു. മേഖലയിൽ ശാശ്വതമായ പരിഹാരം ആന മതിൽ തന്നെയാണെന്നും അതിന് വേണ്ടി ഉള്ള ശ്രമം എം എൽ എ എന്ന നിലയിൽ പൊതുജനങ്ങളുമായി ചേർന്ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആറളം ഫാമിൽ ആന മതിൽ നിർമ്മിക്കണമെന്ന ഗവൺമെന്റിന്റെ തന്നെ ഉത്തരവുണ്ടായിരുന്നു. അതിന് സർക്കാർ 22 കോടി രൂപയ്ക്ക് ഭരണാനുമതിയും നൽകിയതാണ്. ആ മതിലിന്റെ നിർമ്മാണ പ്രവർത്തിക്ക് താമസം വന്നപ്പോഴാണ് ആളുകൾ ഹൈക്കോടതിയിൽ പോയത്. ഇതിലാണ് ഗവൺമെന്റ് മതിൽ പണി ഏറ്റവും വേഗത്തിൽ തീർക്കണമെന്നും, മതിൽ തന്നെ പണിയുന്നതിനുള്ള സമയപരിധി നിശ്ചയിച്ചുകൊണ്ട് ഉത്തരവ് സമ്പാദിച്ചതും. അതിനെതിരെ മതിൽ അവിടെ യോജിച്ചതല്ല ചെലവേറിയതാണ് എന്ന നിലയിലാണ് ഗവൺമെന്റ് പുനപരിശോധന ഹർജി ഹൈക്കോടതിയിൽ കൊടുത്തത്. ആറളത്ത് മൂന്നു മന്ത്രിമാരുടെ നേതൃത്വത്തിൽ എംഎൽഎമാരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ താൻ തന്നെ ആവശ്യപ്പെട്ടത് ആ പുനപരിശോധന ഹർജി പിൻവലിക്കണമെന്നും, മതിൽ തന്നെ പണിയണം എന്നും തീരുമാനിച്ചു മുന്നോട്ടുപോകണം എന്നുമാണ്. ഇതായിരുന്നു അന്നത്തെ യോഗത്തിലെ തീരുമാനമെന്നും എം എൽ എ പറഞ്ഞു.
എന്നാൽ ആ തീരുമാനത്തിന് വിരുദ്ധമായി പുനപരിശോധന ഹർജി ഹൈക്കോടതിയിൽ പിൻവലിക്കുന്നതിന് പകരം അതിൽ വാദമുഖങ്ങൾ ഉന്നയിച്ചുകൊണ്ട് പുനപരിശോധന ഹർജി അനുവദിക്കുന്ന തരത്തിൽ ഒരു വിധി സമ്പാദിക്കുകയാണ് ഉദ്യോഗസ്ഥന്മാർ ചെയ്തത്. അതിൽ മന്ത്രിമാർക്ക് തന്നെ ശ്രദ്ധക്കുറവോ, വീഴ്ചയോ ഉണ്ടായിട്ടുണ്ട്. ഗവൺമെന്റ് ഈ തെറ്റ് തിരുത്താൻ തയ്യാറാകണം. ആന മതിലിനു പകരം സോളാർ ഫൻസിങ് എന്ന വിധി സമ്പാദിച്ചവർ തന്നെ ആ വിധി തിരുത്തിക്കാൻ ആവശ്യമായ അപ്പീലോ, റിവിഷനോ, അല്ലെങ്കിൽ അപേക്ഷകരും, എതിർ കക്ഷികളും തമ്മിൽ യോജിച്ച ഹരജി ഫയൽ ചെയ്തു കൊണ്ട് മതിൽ തന്നെ പണിയണമെന്നും എം എൽ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group