കൊച്ചി: ഭൂവുടമകള്‍ക്കു തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം നിലവില്‍വന്നു. മൊെബെലില്‍ ലഭ്യമാകുന്ന ഒ.ടി.പി. മുഖേനയാണിത്. ഒരുവര്‍ഷം കാലാവധിക്കുള്ളില്‍ ഇപ്രകാരം ആധാര്‍ ബന്ധിപ്പിക്കാമെന്നു കഴിഞ്ഞ 16-നു പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നു.
സംസ്ഥാനമാകെ ബാധകമാകുന്ന രീതിയില്‍ ആധാര്‍ അധിഷ്ഠിത യുണിക് തണ്ടപ്പേര്‍ നടപ്പാക്കാനാണു നിര്‍ദേശം. രാജ്യത്താദ്യമായി എല്ലാ ഭൂവുടമകള്‍ക്കും ആധാര്‍ അധിഷ്ഠിത യൂണിക് തണ്ടപ്പേര്‍ കഴിഞ്ഞമാസം തിരുവനന്തപുരത്തു നടപ്പായിരുന്നു. ആധാറുമായി ലിങ്ക് ചെയ്ത മൊെബെല്‍ നമ്പറില്‍ ലഭ്യമാകുന്ന ഒ.ടി.പി. ഉപയോഗിച്ച് ഓണ്‍ലൈനായോ വില്ലേജ് ഓഫീസില്‍ നേരിട്ടെത്തിയോ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കാം.
വില്ലേജ് ഓഫീസിലെ ബയോമെട്രിക് സംവിധാനത്തില്‍ വിരലടയാളം പതിപ്പിച്ചാണു നേരിട്ട് ബന്ധിപ്പിക്കുന്നത്. വില്ലേജ് ഓഫീസര്‍ പരിശോധിച്ച് അംഗീകരിക്കുന്ന മുറയ്ക്ക് 12 അക്ക യുണിക് തണ്ടപ്പേര്‍ നമ്പര്‍ ഭൂവടമയ്ക്കു ലഭിക്കും. ഇത് ആധാരത്തില്‍ രേഖപ്പെടുത്താം.
ആധാര്‍ ഇല്ലാത്ത ഭൂവുടമകള്‍ക്കു നിലവിലെ തണ്ടപ്പേര്‍ അക്കൗണ്ട് തുടരാം. ആധാര്‍ ലഭ്യമാകുമ്പോള്‍ ബന്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. നിലവില്‍ തണ്ടപ്പേര്‍ പകര്‍പ്പിന് ഈടാക്കുന്ന തുക യുണിക് തണ്ടപ്പേര്‍ പകര്‍പ്പിനും ഈടാക്കും. ഭൂമി രജിസ്‌ട്രേഷന്‍ സമയത്ത് യുണിക് തണ്ടപ്പേര്‍ ഉള്ളവര്‍ക്ക് അതുപയോഗിക്കാന്‍ റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ നടപടി സ്വീകരിക്കും. എല്ലാ ഭൂമിയുടെയും വിവരങ്ങള്‍ ഈ നമ്പരില്‍ ബന്ധിപ്പിക്കണം. ആധാറുമായി തണ്ടപ്പേര്‍ ബന്ധിപ്പിക്കുന്നതിലൂടെ ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാകും. ഭൂസംബന്ധമായ വിവരങ്ങള്‍ സുതാര്യമായി ലഭ്യമാക്കാനാണു യൂണിക് തണ്ടപ്പേര്‍ സംവിധാനം. ഇതിലൂടെ ഭൂമിയുടെ അനധികൃത ഇടപാടുകള്‍ തടയാനാകും.
Post a Comment