കണ്ണൂര്‍: കണ്ണൂര്‍ മേലേ ചൊവ്വയിലെ ഡിആര്‍ഐ ഓഫിസിലെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ മാഹി കണ്ണൂര്‍ ഹൈവേ പോലിസിന്റെ അവസരോചിത ഇടപെടലില്‍ കസര്‍ഗോഡ് ചന്ദേരയില്‍ നിന്ന് പിടികൂടി.
ഗുജറാത്തിലെ 500 കോടിയുടെ ലഹരിമരുന്നു കടത്തു കേസ്സില്‍ ഗുജറാത്ത് പോലിസ് പിടികൂടിയ ഉപ്പള സ്വദേശിയായ മുഹമ്മദ് ആദിലാണ്(32) ചാടിപ്പോയത്. രണ്ടാം തിയ്യതി പുലര്‍ച്ചെയാണ് പ്രതി രക്ഷപ്പെട്ടത്.കണ്ണൂര്‍ സിറ്റി പോലിസ് കണ്ട്‌ട്രോളാണ് വിവരം ഹൈവേ പോലിസിനെ അറിയിച്ചത്. ഹൈവേ പോലിസിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രസാദ് പി, സിവില്‍ പോലിസ് ഓഫിസര്‍മാരായ രജീഷ്, നിധിന്‍ തുടങ്ങിയവരാണ് തിരച്ചില്‍ നടത്തിയത്. ഇവര്‍ ഈ വിവരം കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലേയും കാല്‍ടെക്‌സിലേയും രാത്രി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും നല്‍കി.
റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് പ്രതി കാസര്‍ഗോഡ് ഭാഗത്തേക്ക് ഒരു ഓട്ടോയില്‍ പോയ വിവരം അറിയിച്ചത്. പ്രതി സഞ്ചരിച്ചിരുന്നത് അഞ്ചരക്കണ്ടി സ്വദേശിയായ മുഹമ്മദ് ഷാഫിയുടെ ഓട്ടോയിലാണെന്ന് മനസ്സിലാക്കിയ പോലിസ് ഓട്ടോറിക്ഷ ഡ്രൈവറുമായി ഫോണില്‍ ബന്ധപ്പെട്ട് ലൊക്കേഷന്‍ മനസ്സിലാക്കി. ഷാഫിയോട് വാഹനം പോലിസ് സ്‌റ്റേഷനിലേക്ക് കയറ്റുവാനോ വഴിയില്‍ കാണുന്ന നൈറ്റ് പട്രോളിംഗ് വാഹനത്തിന് സമീപം നിര്‍ത്താനോ നിര്‍ദേശിച്ചു. ഈ വിവരം കണ്ണൂര്‍ സിറ്റി പോലിസ് കണ്‍ട്രോളിനെയും ചന്ദേര പോലിസ് സ്‌റ്റേഷനെയും അറിയിച്ചു.
ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ഷാഫിയുടെ ബുദ്ധിപരമായ നീക്കത്തിനൊടുവില്‍ പ്രതിയെ ചന്ദേര പോലിസ് കസ്റ്റഡിയിലെടുത്ത് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
Post a Comment