Join News @ Iritty Whats App Group

സംപ്രേഷണവിലക്കിന്‍റെ കാരണം മീഡിയ വൺ ചാനൽ മാനേജ്മെന്‍റിനെ അറിയിക്കേണ്ട കാര്യമില്ലെന്ന് ആവർത്തിച്ച് കേന്ദ്രവാർത്താവിതരണ മന്ത്രാലയം

സംപ്രേഷണവിലക്കിന്‍റെ കാരണം മീഡിയ വൺ ചാനൽ മാനേജ്മെന്‍റിനെ അറിയിക്കേണ്ട കാര്യമില്ലെന്ന് ആവർത്തിച്ച് കേന്ദ്രവാർത്താവിതരണ മന്ത്രാലയം. നിലപാട് വീണ്ടും വ്യക്തമാക്കി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ദേശസുരക്ഷയുമായി ബന്ധപ്പെട്ടാണ് മീഡിയ വണ്ണിന് ലൈസൻസ് പുതുക്കി നൽകാതിരുന്നതെന്ന് ഇപ്പോഴും കേന്ദ്രം സത്യവാങ്മൂലത്തിൽ ആവർത്തിക്കുന്നു. ഇതിന്‍റെ കാരണങ്ങളും വിശദാംശങ്ങളും എതിർകക്ഷിയെ അറിയിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. 

അതേസമയം, കോടതി ആവശ്യപ്പെട്ടാൽ ഇനിയും വിവരങ്ങൾ സമർപ്പിക്കാമെന്നും വാർത്താവിതരണവകുപ്പ് ഡയറക്ടർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. കേസിൽ മറുപടി നൽകാൻ കേന്ദ്രം രണ്ട് തവണ സമയം നീട്ടിച്ചോദിച്ചിരുന്നു. ഒടുവിൽ വേനലവധിക്ക് ശേഷം അന്തിമവാദം നിശ്ചയിച്ചതിനെത്തുടർന്നാണ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. 

ചാനലിനെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധി മാർച്ച് 15-ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതായിരുന്നു വിധി. ചാനല്‍ പ്രവര്‍ത്തിക്കുന്നത് ദേശസുരക്ഷക്ക് വെല്ലുവിളിയാണെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളി സംപ്രേഷണം തല്‍ക്കാലത്തേക്ക് തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ചാനലാണെന്നും വിലക്കിന്‍റെ കാരണങ്ങള്‍ ഇനിയും ബോധ്യപ്പെട്ടിട്ടെല്ലെന്നും മീഡിയ വണ്ണിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയെ അറിയിച്ചു. ന്യൂനപക്ഷങ്ങള്‍ നയിക്കുന്ന ചാനലായതിനാലാണ് വിലക്കിയിരിക്കുന്നതെന്നും പ്രവര്‍ത്തനം തുടങ്ങിയാല്‍ സര്‍ക്കാരിനെ ദോഷകരമായി ബാധിക്കില്ലെന്നും ദവെ വാദിച്ചു. എന്നാല്‍ സ്റ്റേ റദ്ദു ചെയ്യരുതെന്നാവശ്യപ്പെട്ട കേന്ദ്രം വിശദമായ സത്യവാങ് മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു. 

സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജിക്കെതിരെ യൂട്യൂബ് ചാനലിലൂടെ മീഡിയവണ്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയെന്നും മാപ്പ് പറയണമന്നും കേന്ദ്രത്തിന്‍റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. സത്യവാങ് മൂലത്തിന് ഇനിയും സമയമാരായുന്നതെന്തിനെന്ന് ചോദിച്ച കോടതി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും വിശദ വിവരങ്ങള്‍ ഇല്ലായിരുന്നെവെന്ന് ചൂണ്ടിക്കാട്ടി. മുദ്രവച്ച കവറില്‍ രേഖകള്‍ കൈമാറുന്ന രീതിയോട് തനിക്ക് വിയോജിപ്പാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. തുടര്‍ന്ന് ഇരുപത് മിനിട്ടോളം ഫയലുകള്‍ പരിശോധിച്ച് സംപ്രേഷണത്തിന് താല്‍ക്കാലികാനുമതി നല്‍കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group