അച്ഛനൊപ്പം തീവണ്ടിയില്‍ യാത്രചെയ്ത പെണ്‍കുട്ടിക്ക് നേരേ അതിക്രമം നടത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. ചാലക്കുടി സ്വദേശികളായ ജോയ്, സിജോ എന്നിവരെയാണ് എറണാകുളം റെയില്‍വേ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്്. ഇവര്‍ കേസിലെ ഒന്നും മൂന്നൂം പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കേസില്‍ ആകെ അഞ്ചുപ്രതികളാണുള്ളത്. മറ്റുപ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്.
ശനിയാഴ്ച രാത്രി എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടിയിലാണ് പിതാവിനൊപ്പം യാത്രചെയ്ത 16-കാരിക്ക് നേരേ അതിക്രമമമുണ്ടായത്. തീവണ്ടിയിലുണ്ടായിരുന്ന അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നും അശ്ലീലം പറഞ്ഞെന്നുമായിരുന്നു പരാതി.
പിതാവ് പ്രതികരിച്ചതോടെ ഇവര്‍ ഭീഷണിപ്പെടുത്തി. അതിക്രമത്തിനെതിരേ പ്രതികരിച്ച മലപ്പുറം സ്വദേശിയായ യുവാവിനെയും പ്രതികള്‍ മര്‍ദിച്ചു. സംഭവത്തില്‍ ഇടപ്പള്ളി സ്റ്റേഷനില്‍വെച്ച് ഗാര്‍ഡിനെ പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പിതാവിന്റെ ആരോപണം. ഇതിനിടെ, ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി പ്രതികള്‍ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് തീവണ്ടി തൃശ്ശൂരില്‍ എത്തിയപ്പോളാണ് അച്ഛനും മകളും റെയില്‍വേ പോലീസില്‍ പരാതി നല്‍കിയത്.സംഭവത്തില്‍ പോക്സോ നിയമപ്രകാരമാണ് റെയില്‍വേ പോലീസ് കേസെടുത്തിരിക്കുന്നത്.
Post a Comment