സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പനി പടരുന്നു. പനി വ്യാപകമായതോടെ സ്കൂളുകളിൽ ഹാജർ നില കുറവാണെന്നാണ് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഡെങ്കിയും എലിപ്പനിയുമുൾപ്പെടെയുള്ള പകർച്ച വ്യാധികൾ വർധിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിനോ വിദ്യാഭ്യാസ വകുപ്പിനോ ഔദ്യോഗികമായ കണക്കില്ലെങ്കിലും കാൽ ഭാഗം വരെ കുട്ടികൾ പനി കാരണം പല സ്കൂളുകളിലും അവധിയാണ്. എറണാകുളത്ത് 2600 കുട്ടികൾ പഠിക്കുന്ന സ്വകാര്യ സ്കൂളിൽ കഴിഞ്ഞ ദിവസം പനി ബാധിച്ച് വരാതിരുന്നത് 120 ഓളം പേർ.പനി വിട്ടുമാറിയായാലും ചുമയും ക്ഷീണവും വിട്ടു മാറാത്തതിനാൽ നാലോ അഞ്ചോ ദിവസം കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയുന്നില്ല. പനി പൂർണമായും മാറാതെ സ്കൂളിലേക്ക് വരേണ്ടതില്ലെന്നാണ് അധ്യാപകരും നിർദേശിക്കുന്നത്.
എല്ലാ കുട്ടികളും വാക്സീൻ എടുത്തിരിക്കണമെന്നും മാസ്ക് ധരിക്കണമെന്നും സ്കൂള്‍ അധികൃതര്‍ നിഷ്കർഷിച്ചിട്ടുണ്ട്. പനി വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്. ഈ മാസം ഇത് വരെ 24,000 പേരാണ് എറണാകുളം ജില്ലയിൽ മാത്രം പനിക്ക് ചികിത്സ തേടിയത്. കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ കൂടുതൽ സ്ഥലങ്ങളിൽ ചികിത്സാ സൗകര്യം വേണമെന്ന ആവശ്യവും ശക്തമാണ്.
Post a Comment