തൃശ്ശൂർ: കുന്നംകുളത്തെ വ്യാപാര സ്ഥാപനത്തിൽ മോഷ്ടിക്കാൻ കയറി നിരാശ കുറിപ്പെഴുതി വൈറലായ കള്ളനെ മാനന്തവാടി പോലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് പുൽപ്പള്ളി സ്വദേശി വിശ്വരാജനാണ് അറസ്റ്റിലായത്. മോഷ്ടിക്കാൻ കയറിയ കടയിൽ നിന്ന് ഒന്നും കിട്ടാതെ വന്നപ്പോളാണ് കടയുടെ ഗ്ലാസ് ചില്ലിൽ വിശ്വരാജ് നിരാശ കുറിപ്പെഴുതിയത്. 'പൈസ ഇല്ലെങ്കിൽ പിന്നെ എന്തിനാടാ.. ഡോർ പൂട്ടിയത് എന്ന് എഴുതി വെച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു.
വിവിധ ജില്ലകളിലായി 53 കേസുകളിലെ പ്രതിയാണ് വിശ്വരാജ്. മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇയാളെ തന്ത്രപരമായി പോലീസ് അറസ്റ്റ് ചെയ്തത്. ബൈജു ആർക്കേഡ് ഷോപ്പിങ് കോംപ്ലക്സിലെ കടകളിലാണ് മോഷണം നടന്നത്. കോംപ്ലക്സിലെ മൂന്ന് കടകളിൽ നിന്നായി 13000 രൂപയോളമാണ് നഷ്ടമായത്.
ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് ഒരു ജോഡി വസ്ത്രവും മോഷണം പോയി. തുണിക്കടയിൽ പണമൊന്നും സൂക്ഷിച്ചിരുന്നില്ല. ഗ്ലാസിന്റെ വാതിലുകളായിരുന്നു കടയിൽ ഉണ്ടായിരുന്നത്. ഗ്ലാസ് പൊളിച്ചാണ് ഇയാൾ അകത്തുകടന്നത്. എന്നാൽ അകത്ത് പണം ഇല്ലെന്നതാണ് കള്ളനെ ചൊടിപ്പിച്ചത്. പോകുന്നതിന് മുമ്പ് പൊട്ടിച്ചിട്ട ഗ്ലാസിൽ പേനകൊണ്ടാണ് കള്ളൻ കുറിപ്പെഴുതിയത്.
പൈസ ഇല്ലെങ്കിൽ എന്തിനാടാ ഡോര്‍ പൂട്ടിയത് എന്ന നിരാശാജനകമായ വാക്കിന് പുറമെ വെറുതേ തല്ലിപ്പൊളിച്ചതല്ലേ ഒരു ജോഡി വസ്ത്രം മാത്രം എടുക്കുന്നു എന്നും എഴുതി വച്ചിട്ടുണ്ട്. സമീപത്തെ മറ്റൊരു കടയിലും മോഷണം ശ്രമം നടന്നിട്ടുണ്ടെങ്കിലും പണം നഷ്ടമായിട്ടില്ല. രാവിലെ കട തുറക്കാൻ എത്തിയവരാണ് മോഷണശ്രമം നടന്നതായി കണ്ടെത്തിയത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് കള്ളന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
Post a Comment