Join News @ Iritty Whats App Group

തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ മത്സ്യത്തൊഴിലാളികൾ തട്ടിക്കൊണ്ടുപോയി, വൻ പൊലീസ് സന്നാഹം മോചിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ കോസ്റ്റൽ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരെയും തീരദേശ പൊലീസിലെ ഒരു ഗാർഡിനെയും മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയി. മണിക്കൂറുകൾക്കകം അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ നേതൃത്തിലുള്ള പോലീസ് സംഘം മൂന്ന് പേരേയും മോചിപ്പിച്ചു. തട്ടിക്കൊണ്ട് പോയ മത്സ്യ തൊഴിലാളി സംഘത്തിലെ 10 പേരെ പോലീസ് പിടികൂടി.

വിഴിഞ്ഞം കോസ്റ്റൽ പൊലീസിലെ എഎസ്ഐ അജിത്, സിപിഒ വിനോദ്, കോസ്റ്റ് ഗാർഡ് സൂസൈൻ എന്നിവരേയാണ് മത്സ്യ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയത്. മുതലപ്പൊഴി ഹാർബറിന് സമീപത്തെ ഉൾക്കടലിൽ വെച്ചാണ് ബന്ദികളാക്കപ്പെട്ട ഉദ്യോഗസ്ഥരെ പോലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥരെയും പിടികൂടിയ മത്സ്യത്തൊഴിലാളികളെയും മുതലപ്പൊഴി ഹാർബറിലെ താഴംപള്ളി ലേല പുരക്ക് സമീപം എത്തിച്ചാണ് കരക്കിറക്കിയത്.

വിവരമറിഞ്ഞ് വർക്കല ഡി വൈ എസ് പി യുടെ നേതൃത്തിൽ റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി വൻ പോലീസ് സംഘം മുതലപ്പൊഴിയിലെത്തി. കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ ആറ്റിങ്ങൾ സ്റ്റേഷനിൽ എത്തിച്ച ശേഷം വിഴിഞ്ഞത്തേക്ക് കൊണ്ട് പോകുമെന്ന് ഡിവൈഎസ്പി നിയാസ് പറഞ്ഞു.

തുമ്പ ഭാഗത്ത് പതിനഞ്ചോളം വള്ളങ്ങളിലെത്തിയവർ നിരോധിച്ച കുരുക്കുവല ഉപയോഗിച്ച് മീൻപിടിക്കുന്നതായി പൊലീസ് അറിഞ്ഞിരുന്നു. ഈ വിവരമറിഞ്ഞാണ് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് ബോട്ടിൽ തുമ്പ കടലിൽ എത്തിയത്. കടലിൽ മീൻപിടിക്കുകയായിരുന്ന ബോട്ടിലേക്ക് രണ്ട് പോലീസുകാർ കയറി. വിഴിഞ്ഞത്തേക്ക് വിടാൻ നിർദ്ദേശിച്ചപ്പോൾ ഉദ്യോഗസ്ഥരുമായി അഞ്ചുതെങ്ങ് ഭാഗത്തേക്കു വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. 

ഇതിന് ശേഷം ബന്ദികളാക്കിയ പോലീസുകാരെ ഭീഷണിപ്പെടുത്തി. ബന്ദികളാക്കിയ പോലീസുകാരുമായി മുതലപ്പൊഴിയിൽ വള്ളമെത്തുമ്പോൾ ഉദ്യോഗസ്ഥർ ഏറെ ഭയന്നിരുന്നുവെന്നാണ് പൊലീസ് സേനയിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രതികളായ മത്സ്യത്തൊഴിലാളികളും പോലീസുമായി വാക്കേറ്റവും നടന്നു. ട്രോളിംങ് നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനും പോലീസുകാരെ ജോലി തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയതിനും ഭീഷണിപ്പെടുത്തിയതിനും അടക്കം പിടിയിലായവർക്കെതിരെ കുറ്റം ചുമത്താനാണ് സാധ്യത.

Post a Comment

Previous Post Next Post
Join Our Whats App Group