Join News @ Iritty Whats App Group

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം; വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് കണ്ണൂര്‍ ഡിസിസിയില്‍ നിന്ന്; ട്രാവല്‍ ഏജന്‍സിക്ക് ഇതുവരെ പണം നല്‍കിയിട്ടില്ല :പി.പി ദിവ്യ

മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നിന്നാണെന്ന് സിപിഐഎം വനിതാ നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ. ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ പണം ഇതുവരെ ട്രാവല്‍ ഏജന്‍സിക്ക് നല്‍കിയിട്ടില്ലെന്നും പിപി ദിവ്യ പറഞ്ഞു. പി.പി ദിവ്യയുടെ വാക്കുകള്‍: വിമാനത്തില്‍ മുഖ്യമന്ത്രിയെ അക്രമിക്കാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ ഡിസിസിയില്‍ നിന്ന്. ട്രാവല്‍ ഏജന്‍സിക്ക് ഇനിയും പണം നല്‍കിയിട്ടില്ല.

എന്നാല്‍ കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. റിമാന്‍ഡില്‍ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ ഫര്‍സീന്‍ മജീദ്, ആര്‍ കെ നവീന്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.മൂന്നാം പ്രതി സുജിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവും ഹൈക്കോടതി അനുവദിച്ചു.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ വിമാനത്തിനുളളില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചത്. ഗൂഢാലോചന, വധശ്രമം, വ്യോമയാന നിയമങ്ങളുടെ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായത് ആസൂത്രിത ആക്രമണമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ ആരോപിച്ചിരുന്നു. വിമാനത്തില്‍ കയറിയവരില്‍ ഒരാള്‍ രണ്ട് വധശ്രമ കേസിലുള്‍പ്പെടെ പത്തൊന്‍പത് കേസിലെ പ്രതിയാണ്. ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയാണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വിമാനത്തില്‍ കയറ്റിവിട്ടതെന്നും സിപിഐഎം വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group